പാർടി വിട്ട യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിക്ക് മർദനം

ആലുവ
പാർടി വിട്ട യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയെ താമസിക്കുന്ന ലോഡ്ജിൽ കയറി അജ്ഞാതസംഘം ആക്രമിച്ചു. മൂത്തകുന്നം പഴമ്പിള്ളിശേരിയിൽ പി എസ് രാജേന്ദ്രപ്രസാദി (62)നെയാണ് ആക്രമിച്ചത്. ഇരുകൈകളുടെയും വലതുകാലിന്റെയും എല്ലുകൾക്ക് പൊട്ടലുണ്ട്. തലയ്‌ക്കുപിന്നിലും ആഴത്തിൽ മുറിവേറ്റു. ബുധൻ രാവിലെ എട്ടിന് ആലുവ നജാത്ത് ആശുപത്രിക്കുസമീപം കല്ലിങ്ങൽ ബിൽഡിങ്ങിലെ മുറിയിലായിരുന്നു സംഭവം.
അടുത്ത മുറിയിൽ താമസിക്കുന്നയാൾ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. രാജേന്ദ്രപ്രസാദിനെ നജാത്ത് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മുമ്പ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന രാജേന്ദ്രപ്രസാദ് കോൺഗ്രസ് വിട്ടശേഷം സമൂഹമാധ്യമങ്ങളിലൂടെ വി ഡി സതീശൻ ഉൾപ്പെടെയുള്ള ഒരുവിഭാഗം കോൺഗ്രസ് നേതാക്കളെ വിമർശിക്കുന്നത് പതിവായിരുന്നു. വി ഡി സതീശനെതിരായി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾ നൽകിയ ക്വട്ടേഷനാണെന്നാണ് രാജേന്ദ്രപ്രസാദ് ആലുവ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. മാസ്ക് ധരിച്ചാണ് പ്രതികളെത്തിയത്.
സമീപത്തെ ചായക്കടയിൽനിന്ന് തിരികെ മുറിയിലേക്ക് പോകുമ്പോൾ രണ്ടുപേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായും രണ്ടാംനിലയിലെത്തിയപ്പോൾ ഇവർ മുന്നിലും പിന്നിലും നിന്ന് ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു.







0 comments