print edition എസ്‌ഐആർ ടാർഗറ്റ് ; ബിഎൽഒമാർക്ക് ശാസന

ആലപ്പുഴ
വോട്ടർപ്പട്ടിക തീവ്ര പുന:പരിശോധനയ്‌ക്കായി (എസ്ഐആർ) ബിഎൽഒമാരിൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതായി ആക്ഷേപം. എന്യുമറേഷന്‍ ഫോം വിതരണം ചെയ്യുന്നതിൽ ദിവസ ടാർഗറ്റ് പൂർത്തിയാക്കാത്തതിന് ചെങ്ങന്നൂർ മണ്ഡലത്തിലെ ബിഎൽഒമാരെ കലക്ടർ ശാസിക്കുന്ന ശബ്ദസന്ദേശമാണ് ബുധൻ രാവിലെ പുറത്തുവന്നത്. മണ്ഡലത്തിലെ മുഴുവൻ ബിഎൽഒമാരും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം വന്നത്.
ബിഎൽഒമാരിൽ ചിലർ ചടങ്ങിനു വേണ്ടി പണിയെടുക്കുകയാണെന്നും ഫീൽഡിൽ നേരിട്ടിറങ്ങി പരിശോധിക്കുമെന്നും കലക്ടർ പറയുന്നുണ്ട്. ഫീൽഡിൽ നേരിടുന്ന വെല്ലുവിളി വിവരിച്ച് ജീവനക്കാർ മറുപടി നൽകിയെങ്കിലും അതിനോട് ഉത്തരവാദിത്തപ്പെട്ടവർ പ്രതികരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
എന്നാൽ എസ്ഐആർ പ്രവർത്തനങ്ങളുടെ തുടക്കസമയത്ത് നല്‍കിയ സന്ദേശമാണ് പുറത്തു വന്നതെന്ന് കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു. പുതിയ ബിഎല്‍ഒമാര്‍ ചാര്‍ജെടുക്കുന്ന സമയമായതിനാല്‍ എന്യുമറേഷന്‍ ഫോം വിതരണം മന്ദഗതിയിലായിരുന്നു. ഇവർക്ക് പ്രക്രിയയെക്കുറിച്ച് ധാരണക്കുറവുമുണ്ടായിരുന്നുവെന്നും കലക്ടർ അറിയിച്ചു.







0 comments