പൂരിപ്പിച്ച ഫോമുകൾ അപ്‌ലോഡാവുന്നില്ല
ഡിജിറ്റലൈസേഷനിലും ബിഎൽഒമാർക്ക് കുടുക്ക്

ഫോറം അപ് ലോഡ് ചെയ്യുന്നതിൽ നേരിട്ട തടസ്സം
സ്വന്തം ലേഖകൻ കോഴിക്കോട് ‘ബുധൻ രാവിലെ 10മുതൽ പകൽ 11.35വരെ ഒരാളുടെ ഫോറം ഡാറ്റാ എൻട്രി നടത്തി അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുകയാണ്, ഇതിനിടയിൽ നിരവധി തവണ ലോഗിൻചെയ്തു. എന്നിട്ടും ഫോറം അപ്‌ലോഡ് ചെയ്യാൻ പറ്റിയിട്ടില്ല, മടുത്തു... എന്തായാലും ഞാൻ കടുംകൈ ചെയ്യാനൊന്നും പോകുന്നില്ല. പറ്റുന്ന രീതിയിൽമാത്രം ഈ വർക്ക് ചെയ്യും. ഇനി ടെന്‍ഷനടിക്കാന്‍ വയ്യ’– കോഴിക്കോട് നോർത്തിലെ ഒരു ബിഎൽഒ പറഞ്ഞു. ബിഎൽഒമാരുടെ സമ്മർദവും പരാതിയും ഏറുന്നതിനിടയിൽ ഡിജിറ്റലൈസ് ചെയ്ത ഫോമുകളുടെ കണക്കുകൂടി വേണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ ആവശ്യം. തുടക്കത്തിൽ പറഞ്ഞതല്ല ഇത്. ഫോമുകളുടെ വിതരണം പൂർത്തിയായിട്ടില്ല. വിതരണംചെയ്തവയിൽ വിവരങ്ങൾ ചേർത്ത് തിരിച്ചുകിട്ടിയിട്ടുമില്ല. അതിനിടയിലാണ് ഡിജിറ്റലൈസ് ചെയ്ത കണക്കാവശ്യപ്പെട്ടത്. ഡിജിറ്റലൈസ് ചെയ്യാൻ ശ്രമിക്കുമ്പോഴോ അതിനും സാധിക്കാത്ത അവസ്ഥ ഇൗ ഘട്ടത്തിലും ബിഎൽഒമാർക്ക് ഉൗരാക്കുടുക്കായി. ഡിസംബര്‍ നാലിനുള്ളിൽ പണി തീരില്ലെന്ന് ഉറപ്പിക്കുന്നതാണ് അനുഭവം. സ്‌മാർട്ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് പരിചയമില്ലാത്തവരും ബിഎൽഒമാരായുണ്ട്. ഇവർ നേരിടുന്ന പ്രയാസമാകട്ടെ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വോട്ടർമാരെ പുറന്തള്ളുക എന്ന ലക്ഷ്യമാണ് നിറവേറ്റപ്പെടുന്നത് എന്ന സംശയം ഉറപ്പിക്കുന്നതാണ് നിലവിലെ എല്ലാ അനുഭവങ്ങളും. വീടുകളിൽ രണ്ടുമൂന്നുതവണ പോയിട്ടും ആളെ കണ്ടില്ലെങ്കിൽ ‘ആബ്‌സൻസ്’ രേഖപ്പെടുത്തി നൽകാനും നിർദേശിച്ചിട്ടുണ്ടെന്ന് ബിഎൽഒമാർ പറഞ്ഞു. പ്രവൃത്തിദിവസം ക്യാമ്പ് നടത്താൻ പറഞ്ഞതിലും ആശങ്കയാണ്. ആളുകൾ പങ്കെടുക്കണമെന്നില്ല. ബുധൻ ക്യാമ്പുകൾ തുടങ്ങി. പങ്കാളിത്തം നന്നേ കുറവായിരുന്നു. പലരും പൂരിപ്പിക്കാത്ത ഫോമുമായാണ് എത്തിയത് എന്നും പറഞ്ഞു.









0 comments