കേന്ദ്രസംഘം പറയുന്നു കേരളം നന്പർ 1 തന്നെ

പിലിക്കോട് "ഈ സന്ധ്യാനേരം ഇൗ വീട്ടുമുറ്റത്ത് ഒത്തുചേർന്ന നിങ്ങളെ കാണുമ്പോൾ ഞങ്ങൾ തിരിച്ചറിയുന്നു, എങ്ങിനെയാണ് കേരളം നമ്പർ വൺ ആവുന്നതെന്ന്’–പിലിക്കോട് വയലിലെ വീട്ടുകോലായയിൽ ആരോഗ്യ സംവാദത്തിനായി ഒത്തുകൂടിയവരോട് ഇങ്ങിനെ പറഞ്ഞത് ജില്ലയിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര ആരോഗ്യവകുപ്പിന്റെ സംഘത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര ശിശു ആരോഗ്യ വിഭാഗം ഡെപ്യൂട്ടി കമീഷണർ ഡോ. ശോഭന ഗുപ്ത. നവജാത ശിശുപരിചരണ ബോധവൽക്കരണ വാരാചരണത്തിന്റെയും ആന്റി മൈക്രോബിയൽ റസിസ്റ്റന്റ് ബോധവൽക്കരണ വാരാചരണത്തിന്റെയും ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പിലിക്കോട് വയലിൽ സംഘടിപ്പിച്ച "കോലായക്കൂട്ട’മാണ് ജനപങ്കാളിത്തത്താലും സജീവമായ ആരോഗ്യസംവാദത്താലും സമ്പന്നമായത്. കോലായക്കൂട്ടത്തിൽ അതിഥികളായെത്തിയ കേന്ദ്രസംഘത്തിലെ പ്രതിനിധികൾക്ക് മുന്നിൽ വിവിധ ആരോഗ്യവിഷയങ്ങളിലെ സംശയങ്ങളും ഉത്തരങ്ങളും ചർച്ചകളുമൊക്കെയായി സജീവമായി ജനക്കൂട്ടം. നാടിന്റെ ആരോഗ്യ സുസ്ഥിതി ഉറപ്പാക്കുന്നതിൽ എങ്ങിനെയാണ് ജനകീയ ഇടപെടലിലൂടെ സാധിക്കുന്നതെന്നതിന് ഉദാഹരണമായി കോലായക്കൂട്ടം . ബോധവൽക്കരണത്തിനായി തയ്യാറാക്കിയ സ്കിറ്റ്, ഒപ്പന, നൃത്തങ്ങൾ, പാട്ടുകൾ ഇവയെല്ലാം കോലായക്കൂട്ടത്തെ ആകർഷകമാക്കി. ദേശീയ ആരോഗ്യപദ്ധതികൾ ആരോഗ്യമേഖലയിലെ മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നത് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോമൺ റിവ്യൂ മിഷന്റെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്. ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, ജനകീയാരോഗ്യകേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുകയാണ് സംഘം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാആശുപത്രിവരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമായെന്ന് തെളിയുകയാണെന്നും ഇ ഹെൽത്ത് പദ്ധതി മാതൃകാപരമാമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ. സി എസ് അഗർവാൾ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി വി അരുൺ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സന്തോഷ്, ഡോ. എ എം അജയ്‌രാജ്, ജില്ലാ നോഡൽ ഓഫീസർ ഡോ. വിപിൻ കെ നായർ, ഡോ. ലിനിജോയ്, ജില്ലാ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ഓഫീസർ പി പി ഹസീബ്, വിബിഡി ഓഫീസർ കെ വി ഗിരീഷ്, എം ചന്ദ്രൻ, പി വി മഹേഷ് കുമാർ തുടങ്ങിയവർ ജനങ്ങളുമായി സംവദിച്ചു.








0 comments