സമൃദ്ധിയുടെ രുചിപ്പെരുമ നേരിട്ടറിഞ്ഞു ; ജനനായകൻ പറഞ്ഞു ‘ഗംഭീരം’

കൊച്ചി
സമൃദ്ധി @കൊച്ചി ജനകീയ ഹോട്ടലിന്റെ രുചിപ്പെരുമ നേരിട്ടറിഞ്ഞ് സിപിഐ എമ്മിന്റെ അമരക്കാരൻ എം എ ബേബി. എൽഡിഎഫ് കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ബേബി. ഉദ്‌ഘാടന പ്രസംഗത്തിൽ കൊച്ചിയുടെ സമൃദ്ധി മാതൃകയെ പ്രശംസിച്ചു.
വിശന്നിരിക്കുന്നവരില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ കൊച്ചി കോർപറേഷനിൽ എൽഡിഎഫ് കൗൺസിൽ നടപ്പാക്കിയ സമൃദ്ധി @കൊച്ചി ഭാവനാപൂർണമായ പദ്ധതിയാണെന്ന് ബേബി പറഞ്ഞു. കൺവൻഷനുശേഷം എം എ ബേബി, ഭാര്യ ബെറ്റി, മന്ത്രി പി രാജീവ്, മേയർ എം അനിൽകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് എന്നിവർ സമൃദ്ധിയിലെത്തി. പൂക്കൾ നൽകി ജീവനക്കാർ സ്വീകരിച്ചു. സമൃദ്ധി സംരംഭത്തെക്കുറിച്ച് ബേബി ജീവനക്കാരോട് ചോദിച്ചു. തുടർന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണം ഗംഭീരമെന്ന് ബേബി അഭിപ്രായപ്പെട്ടു. ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും നേതാക്കൾക്കൊപ്പം സെൽഫിയുമെടുത്തു. വീണ്ടും വരാമെന്ന് പറഞ്ഞാണ് നേതാക്കൾ സമൃദ്ധിയിൽനിന്ന് മടങ്ങിയത്.









0 comments