നമ്പ്യാര്‍ക്കലില്‍ ഉല്ലാസോദ്യാനം ഒരുങ്ങി ആസ്വദിക്കാം ആവോളം

കാഞ്ഞങ്ങാട് ജില്ലയുടെ വിനോദസഞ്ചാരമേഖലയ്ക്ക് മുതല്‍ക്കൂട്ടായി ഇറിഗേഷന്‍ വകുപ്പിനുകീഴില്‍ പടന്നക്കാട് നമ്പ്യാര്‍ക്കല്‍ പാലത്തോടുചേർന്ന് പുഴയോരത്ത് ഉദ്യാനമൊരുങ്ങി. പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം ജങ്‌ഷനിൽനിന്ന് രണ്ടുകിലോമീറ്റര്‍ കിഴക്കുമാറിയാണ് കുട്ടികളുടെ പാര്‍ക്കുമുതല്‍ ആര്‍ട്ട് ഗാലറിവരെയുള്ള സൗകര്യങ്ങളുമായി ഉദ്യാനം ഒരുങ്ങിയത്. ടിക്കറ്റ് കൗണ്ടര്‍, നാല് കടമുറി, ഓപ്പണ്‍ സ്റ്റേജ്, ഓപ്പണ്‍ ജിം, നടപ്പാതകള്‍, പൂന്തോട്ടം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, മിയാവാക്കി വനം, സെല്‍ഫി പോയന്റ്, ഇരിപ്പിടങ്ങള്‍, ആര്‍ട്ട് ഗാലറി, ശൗചാലയം തുടങ്ങിയവ ഒരുക്കി. 83 സെന്റ് വിസ്തൃതിയുണ്ട്. നിർമാണത്തുടക്കത്തിൽ മുടങ്ങിപ്പോയ പദ്ധതിയുടെ എസ്‌റ്റിമേറ്റ് റിവേഴ്‌സ് ചെയ്‌തുകിട്ടാൻ കൗൺസിലർ കെ രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ജനസന്പർക്ക പരിപാടിയിൽ നൽകിയ നിവേദനത്തെതുടർന്നാണ് പദ്ധതിക്ക് കാസര്‍കോട് വികസന പാക്കേജില്‍ 83 ലക്ഷംഅനുവദിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജില്ലാനിര്‍മിതി കേന്ദ്രത്തിനായിരുന്നു ചുമതല. രണ്ടുമാസംമുന്പ് പണി പൂര്‍ത്തിയായ പാര്‍ക്ക് നിര്‍മിതി കേന്ദ്രം ജലസേചന വകുപ്പിന് കൈമാറി. ജലസേചന വകുപ്പിന് പാര്‍ക്ക് കൈമാറിയെങ്കിലും താൽക്കാലിക നടത്തിപ്പ് ചുമതല നിര്‍മിതികേന്ദ്രം തന്നെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിടുണ്ട്. നടത്തിപ്പ് ചുമതല കാലാവധിയില്‍ തീരുമാനം വ്യക്തമല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ നിര്‍മിതി കേന്ദ്രം വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം വന്നാല്‍ കുടുംബശ്രീക്കായിരിക്കും മുന്‍ഗണന. പൊതുലേലം നടത്തിയുള്ള നടത്തിപ്പിനെകുറിച്ചും ആലോചനയുണ്ട്.









0 comments