സ്ഥാനാർഥിയായില്ല
യുഡിഎഫ് അരക്ഷിതം

കോട്ടയം പത്രിക നൽകാനുള്ള അവസാന ദിവസമെത്തിയിട്ടും യുഡിഎഫിൽ സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. ജയസാധ്യതയുള്ള സീറ്റുകൾ നൽകാത്തതിനാൽ കോൺഗ്രസ് നൽകിയ വൈക്കം, വെള്ളൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ യഥാക്രമം മുസ്ലീംലീഗും കേരള കോൺഗ്രസും തള്ളിയതോടെയാണ് യുഡിഎഫ് ആപ്പിലായത്. കുമരകം ഡിവിഷനിലും തർക്കം കാരണം കോൺഗ്രസിന് സ്ഥാനാർഥിയെ നിർണയിക്കാനായിട്ടില്ല. കോൺഗ്രസ് 13 സ്ഥാനാർഥികളെയും കേരള കോൺഗ്രസ് ഏഴു സ്ഥാനാർഥികളെയുമാണ് പ്രഖ്യപിച്ചത്. ബാക്കിയുള്ള മൂന്നിടത്തും കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്തണം. ബുധനാഴ്‌ച സ്ഥാനാർഥികളാകുമെന്ന് നേതൃത്വം പ്രഖ്യാപിച്ചുവെങ്കിലും അതുണ്ടായില്ല. തങ്ങൾക്ക് സ്വാധീനമുള്ള മുണ്ടക്കയം, എരുമേലി ഡിവിഷനുകളിൽ ഒന്നാണ് ലീഗ് ആവശ്യപ്പെട്ടത്. ജില്ലാ പ്രസിഡന്റ അസീസ് ബഡയിലിനെയാണ് മത്സരിക്കാൻ മുന്നോട്ടുവച്ചത്. തോൽവി ഉറപ്പായ വെെക്കം നൽകുകയായിരുന്നു. കടുത്ത രോഷത്തിലായ ലീഗ് നേതൃത്വം തങ്ങളില്ലെന്ന് പറഞ്ഞ് മാറിനിന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നൽകിയ ഉറപ്പാണ് കോൺഗ്രസ് ലംഘിച്ചത്. ജില്ലയിൽ സാന്നിധ്യമാകാൻ ശ്രമിക്കുന്ന ലീഗിനെ, കോൺഗ്രസ് നേതൃത്വം ഒതുക്കാൻ നോക്കുന്നതിൽ പകയുള്ള അണികൾ തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതികരിക്കുമെന്നതിനെ ചൊല്ലി കോൺഗ്രസ് നേതാക്കൾക്ക് ആശങ്കയുണ്ട്. ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകിയാൽ തന്നെ റിബലിനെയും തരുന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ സ്വഭാവമെന്ന് ഒരു ലീഗ് നേതാവ് പറഞ്ഞു. കേരള കോൺഗ്രസ് ജോസഫും കടുത്ത അമർഷത്തിലാണ്. ബ്ലോക്ക് പഞ്ചായത്തിലും നഗരസഭകളിലും പഞ്ചായത്തുകളിലും യുഡിഎഫിൽ തർക്കം തുടരുകയാണ്.









0 comments