ഭരണത്തുടർച്ച അനിവാര്യം: മന്ത്രി പി രാജീവ്
വിജയാവേശം, ആത്മവിശ്വാസം

കൊച്ചി
നിറഞ്ഞു വിജയാവേശം, തുടിച്ചു ആത്മവിശ്വാസം. എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ തെളിഞ്ഞത് കൊച്ചിയുടെ മനസ്സ്. നഗരത്തെ വികസന കുതിപ്പിലേക്ക് നയിച്ച എൽഡിഎഫിന് തുടർഭരണം സമ്മാനിക്കാൻ ഒപ്പമുണ്ടെന്ന പ്രഖ്യാപനമായി വൻ ജനപങ്കാളിത്തത്തോടെ നടന്ന കൺവൻഷൻ.
നാളെയുടെ നായകരാകാൻ പോകുന്ന എൽഡിഎഫ് സ്ഥാനാർഥികളെ ഇതിനകം നാടേറ്റെടുത്തതിന്റെ നേർക്കാഴ്‌ചയായി ഹൃദയത്തോടുചേർത്തുള്ള അഭിവാദ്യങ്ങളും സ്വീകരണവും. മതനിരപേക്ഷ ഇന്ത്യക്കായി പൊരുതുന്ന സിപിഐ എമ്മിന്റെ അമരക്കാരൻ എം എ ബേബിയുടെ വാക്കുകളും ആദ്യാവസാനംവരെയുള്ള സാന്നിധ്യവും വർധിതാവേശം പകർന്നു.
സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സ്ഥാനാർഥികളെ പരിചയപ്പെടുത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, മേയർ എം അനിൽകുമാർ, പ്രൊഫ. കെ വി തോമസ്, വി വി ജോഷി, സാബു ജോർജ്, സി എം ദിനേശ്‌മണി, കെ ജെ മാക്സി എംഎൽഎ, സമദ് നരിപ്പറ്റ, ചാൾസ് ജോർജ്, ബൈജു പായിപ്ര, ജോൺ ഫെർണാണ്ടസ്, സി മണി എന്നിവർ സംസാരിച്ചു.
എൻ അരുൺ ചെയർമാനും മേയർ എം അനിൽകുമാർ ജനറൽ കൺവീനറും ജോൺ ഫെർണാണ്ടസ് ട്രഷററുമായി 3001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
ഭരണത്തുടർച്ച അനിവാര്യം: മന്ത്രി പി രാജീവ്
എൽഡിഎഫ് ഭരണത്തിൽ വലിയ മാറ്റം സാധ്യമായ കേരളത്തിന് ഇനിയും മുന്നേറാനും കൊച്ചിയുടെ സമഗ്രവികസനത്തിനും സംസ്ഥാനത്തും കോർപറേഷനിലും ഭരണത്തുടർച്ച അനിവാര്യമെന്ന് മന്ത്രി പി രാജീവ്. കേരളത്തിൽ വലിയ മാറ്റമുണ്ടായത് എൽഡിഎഫിന്റെ ഭരണത്തുടർച്ച കാരണമാണ്. ഇക്കാലയളവിൽ കൊച്ചി കോർപറേഷൻ നടപ്പാക്കിയ സവിശേഷ പദ്ധതികളും രാജ്യം ചർച്ച ചെയ്തു.
മികച്ച കോർപറേഷനും മേയറുമായിരുന്നു എന്നതിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു. കൊച്ചി കോർപറേഷനിലെ എൽഡിഎഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.3716.10 കോടിയുടെ കനാൽ നവീകരണ പദ്ധതിയുൾപ്പെടെ നടപ്പാക്കുന്നതിന് സർക്കാരിനൊപ്പം ചേർന്നുനിൽക്കുന്ന ഭരണംതന്നെ കോർപറേഷനിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.









0 comments