ഇ– മതിലിൽ നിറയെ റീലുകൾ

കാസർകോട് ശിവകാശിയിൽ പോയി ബഹുവർണ പോസ്‌റ്ററുകൾ അച്ചടിച്ച് എത്തിക്കുന്ന കാലം കഴിഞ്ഞു. തെരഞ്ഞെടുപ്പ് ചുവരെഴുത്തുകൾ വരുംമുന്പേ വാട്സാപ് സ്‌റ്റാറ്റസ് വാളിൽ ചുവരെഴുത്തുകളും റീൽസും നിറഞ്ഞു. ചുരുങ്ങിയ സെക്കൻഡിൽ സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന റീൽസുകളാണിപ്പോൾ ട്രെൻഡ്. അതത് വാർഡിലെ സാമൂഹ്യപരിസരത്തോടു ചേർന്നുള്ള വിഷയമാണെങ്കിൽ റീൽസ് ഹിറ്റാവും. പ്രവർത്തകരിൽ നിന്ന് വോട്ടർമാരിലേക്ക് സഞ്ചരിക്കും. ‘‘പുതിയ ട്രെൻഡുകൾ നോക്കി ഫോട്ടോ ശ്രദ്ധയോടെ എടുക്കണം. വാട്സാപ് സ്‌റ്റാറ്റസിനുപറ്റിയത്, റീൽസിനുള്ളത് തുടങ്ങി ഓരോന്നും ശ്രദ്ധയോടെയാണ് എടുക്കുന്നത്’’– പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ഉഭേഷ് ചീമേനി പറയുന്നു. പ്രചാരണരീതികളില്ലെല്ലാം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ജെൻ–സെഡ് ടച്ചുണ്ട്. സ്ഥാനാർഥികളുടെ പര്യടനങ്ങളാണ് ഹിറ്റ് സിനിമാഗാനങ്ങളുടെയും പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് റീലുകളിൽ നിറയുന്നത്. ട്രോളുകളിലൂടെയും പ്രചാരണം കൊഴുപ്പിക്കുന്നു. കാലികമായ വിഷയങ്ങളും രാഷ്ട്രീയപ്പാർട്ടികളുടെ നേട്ടങ്ങളും കോട്ടങ്ങളും ട്രോളുകളാവുന്നു. കാലം മാറുന്നതിനനുസരിച്ച് ഇ– -പ്രചാരണരീതികളും മാറി. എത്രത്തോളം വിശ്വാസ്യതയുണ്ടെന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിലും സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം കൊഴുക്കുകയാണ്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാനാർഥികളുടെ വീഡിയോകൾ നിർമിക്കുന്നുണ്ടെങ്കിലും സ്വഭാവികത കുറവായതിനാൽ അത്ര പ്രിയമില്ല. ഇതിനിടയിൽ ‘കുത്തിപ്പൊക്കൽ’ ടീമുമുണ്ട്. പഴയ വീഡിയോകളുടെ 'കുത്തിപ്പൊക്കൽ' നടത്താൻ പ്രത്യേക വൈഭമുള്ളവരാണിവർ. വീടുകൾ തോറും വോട്ടുചോദിച്ചു പര്യടനം നടത്തുന്ന സ്ഥാനാർഥികളുടെ കൂടെ അതതുദിവസത്തെ റീൽസ് എടുക്കാനുള്ള പ്രത്യേക ടീമുണ്ട്. സീറ്റ് ധാരണ പൂർത്തിയാക്കി എൽഡിഎഫ് മിക്ക സ്‌റ്റീലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ന്യൂജെൻ പ്രചാരണത്തിലും മുന്നിലാണ്.








0 comments