വിശന്നിരിക്കുന്നവരില്ലാത്ത കേരളത്തിന് കൊച്ചിയുടെ ‘സമൃദ്ധി’ വഴിതെളിക്കും : എം എ ബേബി

കൊച്ചി
വിശന്നിരിക്കുന്നവരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള പ്രവർത്തനത്തിനാണ് സമൃദ്ധി @ കൊച്ചി പദ്ധതിയിലൂടെ കൊച്ചി കോർപറേഷൻ തുടക്കമിട്ടതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സന്പൂർണ സാക്ഷരതയും തീവ്രദാരിദ്ര്യ നിർമാർജനവും യാഥാർഥ്യമാക്കിയ കേരളത്തിന് അതും സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കോർപറേഷനിലെ എൽഡിഎഫ് കൺവൻഷൻ എറണാകുളം ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം എ ബേബി.
സന്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ജില്ലയാണിത്. ഇവിടെനിന്നാണ് കേരളത്തെ സന്പൂർണ സാക്ഷരമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. വിശന്നിരിക്കുന്നവരില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ കൊച്ചി കോർപറേഷനിൽ എൽഡിഎഫ് കൗൺസിൽ നടപ്പാക്കിയ സമൃദ്ധി @കൊച്ചി ഭാവനാപൂർണമായ പദ്ധതിയാണ്.
അസാധ്യമെന്ന് തോന്നാവുന്ന, ജനജീവിതവുമായി ബന്ധപ്പെട്ട അത്തരം പദ്ധതികൾ പലതും കൊച്ചിയിൽ നടപ്പാക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ചെന്നു മാത്രമല്ല വിശ്രമകേന്ദ്രവും പൂന്തോട്ടവുമൊക്കെ അനുബന്ധമായി സ്ഥാപിച്ചു. സേവനങ്ങളെല്ലാം ഓൺലൈനാക്കി ഭരണ സംവിധാനം മാതൃകാപരമാക്കി. അതിനെല്ലാം സംസ്ഥാന സർക്കാരിന്റെ പിന്തുണയും ലഭിച്ചു. മതനിരപേക്ഷ, ജനാധിപത്യ, പുരോഗമന കാഴ്‌ചപ്പാടുള്ളവരാണ് ജയിച്ചുവരേണ്ടതെന്നും എം എ ബേബി പറഞ്ഞു.









0 comments