വൃശ്ചികോത്സവത്തിന് കൊടിയേറി

തൃപ്പൂണിത്തുറ
രാജനഗരിയെ സംഗീതത്തിന്റെയും താളമേളങ്ങളുടെയും ഉത്സവലഹരിയിലേക്ക് ആനയിച്ച് ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കമായി. തിരുവല്ല രാധാകൃഷ്ണനും സംഘത്തിന്റെയും പഞ്ചാരിമേളത്തോടെ രാവിലെ ശീവേലി എഴുന്നള്ളിപ്പ് നടന്നു.
തുടർന്ന് ആറാട്ടുപുഴ പ്രദീപ്, സാന്ദ്ര കവിരാജ്, കലാമണ്ഡലം രാജേഷ് എന്നിവരുടെ ഓട്ടൻതുള്ളൽ അരങ്ങേറി. ജീവൻ രഘുറാം പ്രഭുവിന്റെ വയലിൻ കച്ചേരി, തിരുവല്ല രാജീവൻ നരേന്ദ്രന്റെ സംഗീതക്കച്ചേരി, തൃപ്പൂണിത്തുറ ആർഎൽവി ഗവ. കോളേജ് വിദ്യാർഥികളുടെ സംഗീതാർച്ചന, ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടെ ചാക്യാർകൂത്ത്, പെരുവനം കാർത്തിക് മാരാരുടെയും സംഘത്തിന്റെയും തായമ്പക, ശ്രീദേവ് രാജഗോപാലിന്റെ സംഗീതക്കച്ചേരി, കഥകളി നളചരിതം മൂന്നാംദിവസം എന്നിവയും ഉത്സവത്തിന്റെ ആദ്യദിവസം നടന്നു.
രാത്രി 7.30ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് ഉത്സവത്തിന് കൊടിയേറ്റി. സാംസ്കാരിക സമ്മേളനം, കലാപരിപാടികളുടെ ഉദ്ഘാടനം, കലാപ്രതിഭകൾക്ക് പുരസ്കാര സമർപ്പണം എന്നിവയും നടന്നു.
ഉത്സവത്തിൽ ഇന്ന്
വ്യാഴം രാവിലെ 7.30ന് ശീവേലി പഞ്ചാരിമേളം. പഴുവിൽ രഘുമാരാരും സംഘവും, 11.30 മുതൽ ഓട്ടൻതുള്ളൽ. വൈക്കം രമ്യാ കൃഷ്ണൻ, കലാമണ്ഡലം അമൃത, ഇരുമ്പനം കലേശൻ, പകൽ 12നും ഒന്നിനും അക്ഷരശ്ലോകസദസ്സ്, മൂന്നിനും നാലിനും ഭജന, അഞ്ചിന് വിശേഷാൽ നാദസ്വരം, ഉമ എസ് കുമാറിന്റെ സംഗീതക്കച്ചേരി, ഏഴുമുതൽ കോൽക്കളി പാഠകം കുറത്തിയാട്ടം, എട്ടിന് ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടെ ചാക്യാർകൂത്ത്.
ഏഴിന് പോരൂർ ഉണ്ണിക്കൃഷ്ണൻ, ശുകപുരം ദിലീപ് എന്നിവരുടെ ഇരട്ട തായമ്പക, ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്, ചങ്ങനാശേരി സി പി മാധവൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി, 12 മുതൽ കഥകളി (കഥ 1. സുഭദ്രാഹരണം, 2. രാജസൂയം).









0 comments