അംഗീകരിക്കാൻ കഴിയാത്ത പാർടിയായി ബിജെപി മാറി: വി ശിവൻകുട്ടി

തിരുവനന്തപുരം
ഒരുകാരണവശാലും മനുഷ്യസ്‌നേഹമുള്ളവർക്ക് അംഗീകരിക്കാൻ കഴിയാത്ത പാർടിയായി തലസ്ഥാനത്തെ ബിജെപി മാറിയെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തലസ്ഥാന നഗരിയിൽ സ്ഥാനാർഥിനിർണയവും സംഘടനാപ്രശ്‌നവുമായി ബന്ധപ്പെട്ട് ബിജെപിയുടെയും ആർഎസ്‌എസിന്റെയും രണ്ട് നേതാക്കൾ ആത്മഹത്യ ചെയ്‌തു. സ്ഥാനാർഥിത്വം നിഷേധിച്ചതിന്റെ പേരിൽ നെടുമങ്ങാട്ട് ഒരു വനിതാപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. ബിജെപിയുടെ സംസ്ഥാന വക്താവായിരുന്ന എം എസ് കുമാർ തന്റെ ജീവനും അപകടഭീഷണി ഉണ്ടെന്നതരത്തിലുള്ള പോസ്റ്റ് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചു. എല്ലാവരും പറയുന്നത് ബിജെപിയുടെ സ്ഥാനാർഥിനിർണയം തലസ്ഥാന നഗരിയിലെ ഒരുകൂട്ടം മാഫിയസംഘങ്ങളുടെ നേതൃത്വത്തിലാണെന്നാണ്. യഥാർഥ പ്രവർത്തകർക്ക് സ്ഥാനാർഥിത്വം നൽകുന്നില്ല. കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ വാർഡുകളിൽ കാര്യമായ ഒരു വികസനവും നടന്നിട്ടില്ല. അതിന് പ്രധാന കാരണം ആർഎസ്‌എസും ബിജെപിയും പറയുന്നവർക്ക് പ്രവൃത്തിയുടെ കരാർ കൊടുക്കാതിരിക്കുന്നതാണ്. കമിഴ്‌ന്നുവീണാൽ കാൽപ്പണം എന്നതാണ് ബിജെപി നേതാക്കന്മാരുടെ ശൈലിയെന്നും മന്ത്രി പറഞ്ഞു.









0 comments