print edition കെഎസ്‌ആർടിസി ബജറ്റ് ടൂറിസം ; 130 ബ്രാൻഡ് ബസ് കൂടി , 1600 യാത്രാപാക്കേജും

സുനീഷ് ജോ
Published on Nov 20, 2025, 12:45 AM | 1 min read
തിരുവനന്തപുരം
മഞ്ഞയും പച്ചയും കലർന്ന നിറവും ആനയുടെ ചിത്രവുമായി പ്രത്യേക ബസാണിപ്പോൾ വിനോദയാത്രകൾക്കായി കെഎസ്‌ആർടിസി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ പത്ത് ബസുകളാണ് പുറത്തിറക്കിയത്. പുതുതായി 130 ബസുകൾ കൂടി തയ്യാറാക്കുകയാണ്. കൂടുതൽ വിനോദയാത്രകളും വരുമാനവും നൽകുന്ന ഡിപ്പോകൾക്ക് ഇവ നൽകും. യാത്രാനുഭവംകൊണ്ട് ഓരോ ദിവസവും ജീവിതത്തിൽ അടയാളപ്പെടുത്താനുള്ള അവസരം നൽകുകയാണ് കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ. നിരവധി യാത്രാനുഭവ കുറിപ്പുകളാണ് സമൂഹമാധ്യമത്തിൽ ദിവസവും പോസ്‌റ്റ് ചെയ്യപ്പെടുന്നത്.
സ്ഥിരം വിനോദയാത്രകൾക്ക് പുറമേ ശബരിമല തീർഥാടകർക്കായി പ്രത്യേക പാക്കേജുകളും (പിൽഗ്രിം ടൂർപാക്കേജ് ) ആരംഭിച്ചിട്ടുണ്ട്. 1600 യാത്രകളുടെ പാക്കേജുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ, മധുര, രാമേശ്വരം, മഹാബലിപുരം, കന്യാകുമാരി, കുംഭകോണം, പളനി, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് പ്രത്യേകയാത്രകൾ സംഘടിപ്പിക്കുന്നു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം റെയിൽവേ സ്‌റ്റേഷനുകളിൽ വന്നിറങ്ങുന്ന ഇതരസംസ്ഥാനങ്ങളിലെ ശബരിമല തീർഥാടകർക്കായി പ്രത്യേക പാക്കേജുകളും ലഭ്യമാണ്. പന്പയിൽ ബജറ്റ് ടൂറിസം സെൽ വഴി എത്തുന്ന തീർഥാടകർക്ക് ക്ലോക്ക് റൂം സൗകര്യവും കുളിക്കാനുള്ള സൗകര്യവും നൽകും. സന്നിധാനത്ത് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ കോ ഓർഡിനേറ്ററെയും ചുമതലപ്പെടുത്തി.
2021 നവംബറിലാണ് ബജറ്റ് ടൂറിസം സെല്ല് ആരംഭിച്ചത്. ഓരോവർഷം യാത്രക്കാരെ കൂടുതൽ ആകർഷിച്ചുവരികയാണ്. ഒക്‌ടോബറിൽ 4.13 കോടി വരുമാനവും നവംബർ 18 വരെ 2.71 കോടിയും വരുമാനം നേടി. ഇൗ വർഷം മൊത്തം 40 കോടിയിൽ അധികം വരുമാനമാണ് ലക്ഷ്യമിടുന്നത്.







0 comments