ട്രേഡിങ് തട്ടിപ്പ്, വെർച്വൽ അറസ്റ്റ്: തിരുവനന്തപുരത്തെ 2 പേരിൽ നിന്ന് തട്ടിയത് 87 ലക്ഷം രൂപ

തിരുവനന്തപുരം: ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്തും വെർച്വൽ അറസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയും തിരുവനന്തപുരത്ത് രണ്ടുപേരിൽനിന്നായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. തിരുവനന്തപുരം പട്ടം സ്വദേശിയായ 56കാരിയിൽനിന്നും കവടിയാർ സ്വദേശിയായ 78കാരനിൽനിന്നുമാണ് പണം തട്ടിയത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പട്ടം സ്വദേശിയായ 56കാരിയിൽനിന്ന് ജൂൺ 12 മുതൽ ഒക്ടോബർ ഒമ്പതുവരെയുള്ള കാലയളവിലാണ് പണം തട്ടിയത്. 25 തവണയായി 71,97,347 രൂപയാണ് ഇവർ അയച്ചുകൊടുത്തത്. സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷനാണ് ഇതിന് ഉപയോഗിച്ചത്. ഈ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അക്കൗണ്ടെടുപ്പിച്ചു. തുടർന്ന്, വ്യാജ ആപ്പിലൂടെ പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയപ്പിക്കുകയായിരുന്നു.
വെർച്വൽ അറസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് കെൽട്രോണിലെ മുൻ മാനേജറായിരുന്ന കവടിയാർ സ്വദേശി 78കാരനിൽനിന്ന് 15,25,282 രൂപയാണ് തട്ടിയെടുത്തത്. ഈ മാസം എട്ടിന് മുംബൈ പൊലീസിലെ ഉദ്യോഗസ്ഥനെന്ന പേരിൽ വീഡിയോ കാൾ വിളിച്ചാണ് വെർച്വൽ അറസ്റ്റ് ചെയ്തതായി അറിയിച്ചത്. ഇരയുടെ പേരിലുള്ള ആധാർ കാർഡ് ഉപയോഗിച്ച് മുംബൈയിൽ കനറ ബാങ്കിലെടുത്ത അക്കൗണ്ടിൽ ഭീകരർ 2.5 കോടിയുടെ ഇടപാട് നടത്തിയെന്നാണ് തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചത്. ഇത് രാജ്യദ്രോഹക്കുറ്റമാണെന്നും ഇവരുടെ വെർച്വൽ അറസ്റ്റ് ഇഷ്യു ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. നിയമാനുസൃതമായ പണമല്ല ഇവരുടെ അക്കൗണ്ടിലുള്ളതെന്നും അത് തെളിയിക്കാൻ തങ്ങൾക്ക് തുക ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതോടെ അവർ നിർദേശിച്ച അക്കൗണ്ടിലേക്ക് 15,25,282 രൂപ അയച്ചുകൊടുക്കുകയായിരുന്നു.








0 comments