'സോറി അമ്മേ...' ഡൽഹിയിൽ മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി വിദ്യാർഥി ആത്മഹത്യ ചെയ്തു

metro train
വെബ് ഡെസ്ക്

Published on Nov 19, 2025, 11:26 PM | 2 min read

ന്യൂഡൽഹി: ഡൽഹിയിൽ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അധ്യാപകരാണ് മരണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് വിദ്യാർഥി ആത്മഹത്യാക്കുറിപ്പ് എഴുതിയതിന് ശേഷമായിരുന്നു ആത്മഹത്യ. മകനെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് മൂന്ന് അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പലിനും എതിരെ കേസ് നൽകി.


ചൊവ്വാഴ്ച രാവിലെ 7.15ന് പതിവുപോലെ സ്കൂളിലേക്ക് പോയ 16 വയസ്സുകാരനെ ഉച്ചയ്ക്ക് 2.45-ഓടെയാണ് രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ച പിതാവ് ഉടൻ തന്നെ കുട്ടിയെ ബിഎൽ കപൂർ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


ഉയർന്ന മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് കുട്ടി ചാടിയതെന്ന് പിതാവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൂന്ന് അധ്യാപകരും സ്കൂൾ പ്രിൻസിപ്പലും ചേർന്ന് മകനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അദ്ദേഹം ആരോപിച്ചു. ഒരു അധ്യാപകൻ കഴിഞ്ഞ നാല് ദിവസമായി സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞതായും പിതാവ് മൊഴി നൽകി. മറ്റൊരു അധ്യാപകൻ ഒരിക്കൽ മകനെ തള്ളിയിട്ടതായും അദ്ദേഹം ആരോപിച്ചു.


ചൊവ്വാഴ്ച നടന്ന നാടക ക്ലാസിനിടെ കുട്ടി വീണപ്പോൾ, അധ്യാപിക പരിഹസിക്കുകയും അഭിനയിക്കുകയാണെന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തു. തുടർന്ന് കുട്ടി കരയാൻ തുടങ്ങിയെങ്കിലും, എത്ര വേണമെങ്കിലും കരഞ്ഞോളൂ, അത് തന്നെ ബാധിക്കില്ലെന്ന് അധ്യാപിക പറഞ്ഞതായും പിതാവ് പറയുന്നു. ഇതെല്ലാം നടക്കുമ്പോൾ പ്രിൻസിപ്പൽ സ്ഥലത്തുണ്ടായിരുന്നെങ്കിലും തടഞ്ഞില്ല. അധ്യാപകരുടെ മാനസിക പീഡനത്തെക്കുറിച്ച് മകൻ മുൻപ് പരാതിപ്പെട്ടിരുന്നതായും, ഇതുസംബന്ധിച്ച് സ്കൂളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും പിതാവ് പറഞ്ഞു.


കുട്ടിയുടെ ബാഗിൽ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, സ്കൂളിൽ നടന്ന കാര്യങ്ങൾ കാരണം തനിക്ക് മറ്റ് വഴികളില്ലായിരുന്നുവെന്ന് പറയുന്നു. 'സോറി അമ്മേ, അമ്മയുടെ മനസ്സ് പലതവണ വേദനിപ്പിച്ചു, ഇത് അവസാനമായി ചെയ്യുന്നു. സ്കൂളിലെ അധ്യാപകർ അങ്ങനെയൊക്കെയാണ്, ഞാനെന്ത് പറയാനാണ്?' എന്ന് കുറിപ്പിൽ പറയുന്നു. കൂടാതെ, തന്റെ അവയവങ്ങൾ പ്രവർത്തനക്ഷമമെങ്കിൽ അവ ആവശ്യമുള്ളവർക്ക് ദാനം ചെയ്യണമെന്നും കുട്ടി ആവശ്യപ്പെട്ടു.


പ്രിൻസിപ്പലിന്റെയും രണ്ട് അധ്യാപകരുടെയും പേര് പരാമർശിച്ചുകൊണ്ട്, തനിക്ക് സംഭവിച്ചത് മറ്റാർക്കും ഉണ്ടാകാതിരിക്കാൻ അവർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടി കത്തിൽ അഭ്യർത്ഥിച്ചു. കൂടാതെ, തന്നോട് ദേഷ്യപ്പെട്ടതിനും, അച്ഛനെപ്പോലെ നല്ല മനുഷ്യനാകാൻ കഴിയാത്തതിനും ഇരുപതുകാരനായ സഹോദരനോടും അച്ഛനോടും കുട്ടി മാപ്പ് ചോദിക്കുന്നുണ്ട്. എന്നും പിന്തുണ നൽകിയതിന് അമ്മയ്ക്ക് നന്ദി പറഞ്ഞ കുട്ടി, ഇനി സഹോദരനും അച്ഛനും ആ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു. "എനിക്ക് മാപ്പ് തരണം, പക്ഷേ അധ്യാപകർ എന്നോട് മോശമായി പെരുമാറി," എന്നും കുറിപ്പിൽ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home