അടി തീരാതെ യുഡിഎഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2025, 12:38 AM | 2 min read

സ്വന്തം ലേഖകൻ

മലപ്പുറം

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരുദിവസംമാത്രം ശേഷിക്കെ കലഹം തീരാതെ യുഡിഎഫ്‌. സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക്‌ കടന്നതോടെ മുമ്പെങ്ങുമില്ലാത്ത പ്രതിഷേധമാണ്‌ ലീഗിലും കോൺഗ്രസിലും ഉയരുന്നത്‌. മുന്നണി സംവിധാനം പലയിടത്തും താറുമാറായി. ജമാഅത്തെ ഇസ്ലാമിയെ ഒപ്പംകൂട്ടിയതിനെച്ചൊല്ലി ഇരു പാർടികളിലും പ്രതിഷേധം കനത്തു. നിരവധി നേതാക്കളാണ്‌ അവിശുദ്ധ സഖ്യത്തിൽ പ്രതിഷേധിച്ച്‌ ഇതിനകം രാജിവച്ചത്‌.

ലീഗിൽ കലാപം

മുസ്ലിംലീഗിൽ മുമ്പെങ്ങുമില്ലാത്ത തർക്കമാണ്‌ ഇത്തവണ. പെരുവള്ളൂരിൽ തെരഞ്ഞെടുപ്പ് കൺവൻഷന് എത്തിയ പഞ്ചായത്ത് പ്രസിഡന്റിനെയും ലീഗ്‌ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെയും പ്രവർത്തകർ വഴിയിൽ തടഞ്ഞു. വണ്ടൂരിൽ സ്ഥനാർഥി ചർച്ചക്കെത്തിയ ലീഗ്‌ നേതാക്കളെ പ്രവർത്തകർ മണ്ഡലം കമ്മിറ്റി ഓഫീസിൽ പൂട്ടിയിട്ടു. വേങ്ങര കച്ചേരിപ്പടിയിലും കൊണ്ടോട്ടി നഗരസഭയിൽ ചെമ്പാല വാർഡിലും കൺവൻഷനുകൾ അടിപിടിയിൽ കലാശിച്ചു. വിമതശല്യവും രൂക്ഷമാണ്‌. തിരൂരങ്ങാടിയിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാമിന്റെ വാർഡിൽ നഗരസഭാ വൈസ് ചെയർപേഴ്സണും വനിതാ ലീഗ്‌ നേതാവുമായ സുലൈഖ കാലൊടി വിമതയായി മത്സരിക്കുന്നുണ്ട്‌. നിലമ്പൂർ നഗരസഭയിൽ അഞ്ചിടത്ത്‌ ലീഗ്‌ വിമതർ മത്സരരംഗത്തുണ്ട്‌.

നിരവധി ലീഗ്‌ നേതാക്കളാണ്‌ ഇതിനകം രാജിവച്ചത്‌. ലീഗിന്റെ ജമാഅത്തെ ബന്ധത്തിൽ പ്രതിഷേധിച്ച് ലീഗ് നേതാവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ ബക്കർ പറവണ്ണ രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. വണ്ടൂരിൽ ലീഗ്‌ പഞ്ചായത്ത്‌ കമ്മിറ്റി ട്രഷറർ ഉൾപ്പെടെ പത്തോളം പ്രവർത്തകരാണ്‌ രാജിവച്ചത്‌. മലപ്പുറം നഗരസഭയിൽ ലീഗ്‌ മണ്ഡലം പ്രവർത്തകസമിതി അംഗം അഷ്‌റഫ്‌ പാറച്ചോടനും ഭാര്യയും നഗരസഭാ ക‍ൗൺസിലറുമായ ആമിന പാറച്ചോടനും രാജിവച്ചു. കോട്ടക്കലിൽ യൂത്ത്‌ ലീഗ്‌ മുനിസിപ്പൽ സെക്രട്ടറി തയ്യിൽ സാജിദ്‌ രാജിവച്ചിരുന്നു.

​ലീഗ്‌ – കോൺഗ്രസ്‌ തർക്കം രൂക്ഷം

പലയിടത്തും ലീഗ്‌– കോൺഗ്രസ്‌ തർക്കം രൂക്ഷമാണ്‌. ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ ലീഗ്‌ കോൺഗ്രസിനെ ഒതുക്കി. പുനർനിർണയത്തിൽ വർധിച്ച സീറ്റുകളെല്ലാം ലീഗ്‌ കൈയടക്കി. പലയിടത്തും വൈസ്‌ ചെയർമാൻ സ്ഥാനവും നിഷേധിച്ചു. കോൺഗ്രസ്‌ സീറ്റുകളിൽ ലീഗ്‌ സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്‌. കോൺഗ്രസ്‌ സീറ്റുകളിൽ ലീഗ്‌ വിമതരും രംഗത്തുണ്ട്‌.

കളി ‘കൈ’വിട്ട്‌ കോൺഗ്രസ്‌

സ്ഥാനാർഥി പ്രഖ്യാപനത്തിൽ പലയിടത്തും കോൺഗ്രസിൽ രാജി തുടരുകയാണ്‌. ജമാഅത്തെ ഇസ്ലാമി ബന്ധത്തെച്ചൊല്ലി കൊണ്ടോട്ടി നഗരസഭാ കൗൺസിലർ രാജിവച്ചു. തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി പുല്ലാണി ഭാസ്കരനും രാജിവച്ചു. മഞ്ചേരിയിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ പി അബ്ദുറഹ്‌മാൻ തുടക്കത്തിൽ രാജിവച്ചിരുന്നു. ചാലിയാർ പഞ്ചായത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ രാജിവച്ച് എൽഡിഎഫിൽ ചേർന്നു. നിലമ്പൂരിൽ കോൺഗ്രസ്‌ വാർഡ്‌ കമ്മിറ്റി പ്രസിഡന്റ്‌ രാജിവച്ചു. എടയൂർ മണ്ണത്ത്‌പറമ്പിൽ സ്ഥാനാർഥി പ്രഖ്യാപനം അടിയിൽ കലാശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home