എഐ ചിത്രം നൽകി കേക്കിന് റീഫണ്ട് തട്ടിയെടുക്കാൻ ശ്രമം; തട്ടിപ്പ് തുറന്നുകാട്ടി കഫേ

മുംബൈ: ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ വഴി ഓർഡർ ചെയ്ത പ്രീമിയം കേക്കിൻ്റെ പണം തിരികെ ലഭിക്കുന്നതിനായി എഐ ചിത്രം ഉപയോഗിച്ച് ഉപഭോക്താവ്. മുംബൈ ആസ്ഥാനമായുള്ള 'ഡെസേർട്ട് തെറാപ്പി' എന്ന കഫേയാണ് തങ്ങൾ നേരിട്ട ഈ തട്ടിപ്പ് ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്. 'എഐ ദുരുപയോഗം' ചെയ്യുന്നതിനെതിരെ പ്രതികരിക്കാൻ തങ്ങൾ നിർബന്ധിതരായി എന്നായിരുന്നു വിഷയം സംബന്ധിച്ച് ഡെസേർട്ട് തെറാപ്പി തങ്ങളുടെ പോസ്റ്റിൽ കുറിച്ചത്.
"സ്വിഗ്ഗി, സൊമാറ്റോ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങൾ ധാരാളം വ്യാജ ക്ലെയിമുകളും പരാതികളും നേരിടാറുണ്ട്. എന്നാൽ ഉപഭോക്താക്കൾ തട്ടിപ്പിനായി ഇത്രയും കടന്ന് പ്രവർത്തിക്കുന്നതിലെ വിചിത്രമായ തമാശയും ചിലപ്പോൾ നിരാശയും ഞങ്ങൾക്ക് അനുഭവപ്പെടാറുണ്ട്," കഫേ അധികൃതർ കുറിച്ചു. എങ്കിലും, ഇത് ശരിക്കും ഒരു 'അതിക്രമം' ആണെന്നും അവർ വിശേഷിപ്പിച്ചു.
അദിതി സിംഗ് എന്ന ഉപഭോക്താവാണ് തട്ടിപ്പിന് ശ്രമിച്ചതെന്നും കഫേ വെളിപ്പെടുത്തി. "അദിതി സിംഗ് സൊമാറ്റോയിൽ പരാതി നൽകാൻ വേണ്ടി ഞങ്ങളുടെ കേക്കിൻ്റെ എഐ നിർമ്മിത രൂപമാണ് ഉപയോഗിച്ചത്," അവർ പറഞ്ഞു. 2,500 രൂപ വിലയുള്ള ഒരുകിലോ ആൽമണ്ട് പ്രലൈൻ സ്ട്രോബെറീസ് ഡാർക്ക് ചോക്ലേറ്റ് കേക്കാണ് ഉപഭോക്താവ് ഓർഡർ ചെയ്തത്. "കേക്കിൻ്റെ ഒരു വശത്തെ ചോക്ലേറ്റ് ഒഴുകിപ്പോയിരുന്നുവെന്നും കേക്ക് എവിടെയോ വീണിട്ടുണ്ടെന്നുമായിരുന്നു ഉപഭോക്താവിൻ്റെ പരാതി. ഈ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ 1,820 രൂപ തിരികെ ആവശ്യപ്പെട്ടതിനെ കഫേ അധികൃതർ രൂക്ഷമായി വിമർശിച്ചു.
ചിത്രം വ്യാജമാണെന്ന് തെളിയിക്കുന്ന സൂചനകളും കഫേ അധികൃതർ ചൂണ്ടിക്കാട്ടി. 'ചാറ്റ്ജിപിടിക്ക് സ്ട്രോബെറിയുടെ രൂപമോ, ക്രീമിൻ്റെ സ്ഥിരതയോ, ജന്മദിന ടാഗോ കൃത്യമായി നിർമ്മിക്കാൻ കഴിഞ്ഞില്ല' എന്ന് പോസ്റ്റിൽ പറഞ്ഞു. ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, 'Happy Birthday' എന്നതിനു പകരം 'Appy Birthda' എന്നാണ് കേക്കിലെ ടാഗിൽ രേഖപ്പെടുത്തിയിരുന്നത്. സ്ട്രോബെറിയുടെ ഉപരിതലം സ്വാഭാവികമല്ലാത്തതും ക്രീമിൻ്റെ ഘടന അസാധാരണമാംവിധം മിനുസമാർന്നതും ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു.






0 comments