സ്കൂൾ ബസ് കയറി നാലുവയസുകാരിയുടെ മരണം: ഡ്രൈവർ കസ്‌റ്റഡിയിൽ

അപകടത്തിൽ മരിച്ച ഹെയ്സൽ ബെൻ
ചെറുതോണി: വാഴത്തോപ്പിൽ സ്കൂൾ മുറ്റത്ത് സ്‌കൂൾ ബസിനടിയിൽപ്പെട്ട് നാലുവയസുകാരി മരിച്ച സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർ ശശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ സ്കൂളിൽ പ്ലേ സ്‌കൂളിലെ ഹെയ്സൽ ബെൻ(നാല്) ആണ് മരിച്ചത്. തടിയമ്പാട് പറപ്പള്ളിൽ ബെൻ ജോൺസന്റെയും ജീവയുടെയും മകളാണ്. സഹപാഠി ഇനായ തെഹസിലി(നാല്)ന് പരിക്കേറ്റു. ബുധൻ രാവിലെ ഒമ്പതിനാണ് അപകടം. ഹെയ്സലിന്റെ സംസ്കാരം വ്യാഴം പകൽ 11ന് സെന്റ് ജോർജ് പള്ളിയിൽ നടക്കും.
പരിക്കേറ്റ ഇനായ തെഹസിൽ തടിയമ്പാട് കുപ്പശേരിൽ ആഷിക്കിന്റെയും ഡോ. ജെറി മുഹമ്മദിന്റെയും മകളും ഹെയ്സലിന്റെ അയൽവാസിയുമാണ്. പ്ലേക്ലാസിലുള്ള ഇരുവരും ഒരേബസിലാണ് സ്‌കൂളിൽ പോകുന്നത്. ആദ്യം വന്ന ബസിൽനിന്ന് കുട്ടികളിറങ്ങിയശേഷം പുറകെയെത്തിയ ബസിന്റെ പാർക്കിങ് സൗകര്യത്തിനായി ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടം.
രണ്ടു കുട്ടികളും കൈ പിടിച്ച് വാഹനത്തിനു സമീപത്തുകൂടെ നടന്നു നീങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോൾ ഹെയ്സൽ ബസിന്റെ മുൻചക്രത്തിനടിയിൽപ്പെടുകയായിരുന്നു. ദൃക്സാക്ഷികളായ കുട്ടികളും മറ്റുള്ളവരും നിലവിളിച്ച് ഒച്ചവച്ചപ്പോഴാണ് ഡ്രൈവർ അപകടമറിയുന്നത്. ഉടൻ ബസ് നിർത്തിയെങ്കിലും ഹെയ്സലിന്റെ തലയിലൂടെ ചക്രം കയറിയിറങ്ങി. സ്കൂൾ അധികൃതരും മറ്റ് ഡ്രൈവർമാരുംചേർന്ന് ഇരുവരെയും ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഹെയ്സലിനെ രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇനായയുടെ വലതു കാലിൽ ബസിന്റെ ടയർ കയറി അസ്ഥിക്ക് പൊട്ടലുണ്ടായതിനാൽ ഇടുക്കി മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. അപകടവിവരമറിഞ്ഞയുടൻ ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു, ഡിവൈഎസ്‌പി രാജൻ കെ അരമന എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, എം എം മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി റോമിയോ സെബാസ്‌റ്റ്യൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.









0 comments