ഒമാനി റിയാലിന് പുതിയ ചിഹ്നം; അന്താരാഷ്ട്ര തലത്തിൽ കറൻസിക്ക് അംഗീകാരം ഉറപ്പാക്കും

OMANI RIYAL
avatar
റഫീഖ് പറമ്പത്ത്

Published on Nov 19, 2025, 09:45 PM | 1 min read

മസ്‌കത്ത്‌: ഒമാൻ്റെ സാമ്പത്തിക രംഗത്ത് നാഴികക്കല്ലായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഒമാനി റിയാലിൻ്റെ പുതിയ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി.


ഒമാനി റിയാലിന് പൊതുവായ ഒരു ചിഹ്നം സ്വീകരിക്കുന്നത്, ഒരു ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ഒമാൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നീക്കമാണെന്ന് സെൻട്രൽ ബാങ്ക് ഗവർണർ അഹമ്മദ് ബിൻ ജാഫർ അൽ-മുസല്ലാമി പറഞ്ഞു. പുതിയ ചിഹ്നം കറൻസിയെ വേഗത്തിൽ തിരിച്ചറിയാനും, അന്താരാഷ്ട്ര വിനിമയ പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാനും, റിയാലിൻ്റെ സ്ഥിരത ആഗോളതലത്തിൽ ഉറപ്പുവരുത്താനും സഹായിക്കും. ഒമാൻ്റെ സാമ്പത്തിക വ്യവസ്ഥയുടെ വളർച്ചയെയും തുടർച്ചയായ പുരോഗതിയെയും ഈ വികസനം പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഒമാൻ്റെ സാമ്പത്തികപരമായ മത്സരക്ഷമത ഉയർത്തുകയും ചെയ്യാൻ ഈ ചിഹ്നം ഉപകരിക്കും. സാമ്പത്തികപരമായ ആവശ്യങ്ങൾക്കപ്പുറം, പുതിയ ചിഹ്നം ഒമാൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെ മൂല്യങ്ങളും ഉൾക്കൊള്ളുന്നുണ്ട്. പുരാതന ഒമാനി പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ രൂപകൽപ്പന, രാജ്യത്തിൻ്റെ വ്യാപാര ചരിത്രത്തിൻ്റെ ആധുനിക തുടർച്ചയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.


നവീകരണം, ആധുനികവൽക്കരണം, ആഗോള സാമ്പത്തിക മാറ്റങ്ങളുമായി പൊരുത്തപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഈ ചിഹ്നം ബാങ്കിംഗ് സംവിധാനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സാമ്പത്തിക റിപ്പോർട്ടുകൾ തുടങ്ങിയ എല്ലാ വാണിജ്യപരമായ ഇടങ്ങളിലും ദൃശ്യമാകും. ഇത് വ്യക്തതയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായുള്ള പൊരുത്തപ്പെടുത്തലും ഉറപ്പാക്കും.


ചിഹ്നത്തിൻ്റെ അന്തിമ രൂപകൽപ്പന ഒമാനി പൈതൃകത്തിൻ്റെയും സാംസ്കാരിക മൂല്യങ്ങളുടെയും ആധുനിക സൗന്ദര്യശാസ്ത്രത്തിന്റെയും സംയോജനമാണെന്നും ഈ നേട്ടത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദിയുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home