എക്കാലത്തും വർഗീയതയുമായി കൂട്ടുകൂടുന്നത് യുഡിഎഫ്: എം എ ബേബി

കൊച്ചി: എക്കാലത്തും വർഗീയതയുമായി കൂട്ടുകൂടിയും സഹകരിച്ചുപ്രവർത്തിക്കുന്നതും കോൺഗ്രസും യുഡിഎഫുമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കേരളത്തിനുപുറത്ത് ശണ്ഠ കൂടുന്നതായി ഭാവിക്കുന്ന കോൺഗ്രസും ബിജെപിയും ഇവിടെ സിപിഐ എമ്മിനും എൽഡിഎഫിനുമെതിരെ ഒറ്റക്കെട്ടാണ്. മുസ്ലിംലീഗിന്റെ അറിവോടെ ന്യൂനപക്ഷ വർഗീയതയുമായും അവർ കൂടിയാലോചന നടത്തുകയാണെന്നും എം എ ബേബി പറഞ്ഞു. കൊച്ചി കോർപറേഷനിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയ്‌ക്കും മതസൗഹാർദത്തിനും വേണ്ടി നിലകൊള്ളുന്ന എൽഡിഎഫ്, എല്ലാത്തരം വർഗീയതയ്‌ക്കുമെതിരാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് എല്ലാത്തരം വർഗീയതയ്‌ക്കും വിഭാഗീയതയ്‌ക്കുമെതിരെ ജാഗ്രതപാലിക്കാനുള്ള രാഷ്‌ട്രീയപോരാട്ടംകൂടിയാണ്. വർഗീയതയോടുള്ള സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും എതിർപ്പ് അടിസ്ഥാനപരമാണ്. വർഗീയതയോട് അറുത്തുമുറിച്ച് ദൃഢമായി പ്രതികരിക്കാൻ ശേഷിയുള്ളവരാണ് എൽഡിഎഫിന്റെ ഭാഗമായുള്ളത്. ഗവർണർ സ്വീകരിച്ച വർഗീയനിലപാടിനോടുപോലും പരസ്യമായി വിയോജിച്ച് പ്രവർത്തിക്കുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളത്.
നിയമസഭയിലേക്ക് ആദ്യമായി നേമത്തുനിന്ന് ബിജെപി അംഗം തെരഞ്ഞെടുക്കപ്പെട്ടതും കോൺഗ്രസ് ജയിച്ചിരുന്ന തൃശൂർ ലോക്‌സഭാ സീറ്റിൽനിന്ന് ബിജെപി സ്ഥാനാർഥി ജയിക്കാനിടയായതും എങ്ങനെയെന്ന് അറിയാം. കോൺഗ്രസ് സ്ഥാനാർഥിക്ക് കുറഞ്ഞ വോട്ടുകളാണ് അവിടങ്ങളിൽ ബിജെപിക്ക് ഭൂരിപക്ഷമായത്. തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ വികസന, ക്ഷേമ പ്രവർത്തനങ്ങൾ പരിഗണിക്കുന്നതോടൊപ്പം വർഗീയതയുമായി കൂട്ടുകൂടുന്നവരെ അകറ്റിനിർത്താനും ജാഗ്രതയുണ്ടാകണം. കേരളത്തിന്റെ സുരക്ഷിതഭാവിക്കും ക്ഷേമത്തിനും അത് പ്രധാനമാണെന്നും എം എ ബേബി പറഞ്ഞു.









0 comments