ബംഗാളിൽ ബിഎൽഒ ജീവനൊടുക്കി: ഇതുവരെ 28 പേർ ജീവനൊടുക്കിയെന്ന് മമത ബാനർജി

ബിഎൽഒ ശാന്തിമണി, മമത ബാനർജി
കൊല്‍ക്കത്ത: കടുത്ത ജോലിസമ്മർദത്തെ തുടർന്ന് പശ്ചിമ ബംഗാളിലെ മാൾഡയിൽ ബൂത്ത് ലെവൽ ഓഫീസര്‍ (ബിഎൽഒ) ആത്മഹത്യചെയ്‌തു. വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധനയിലേർപ്പെട്ട രംഗമതി സ്വദേശിയായ അംഗനവാടി വര്‍ക്കര്‍ ശാന്തിമണി എക്ക (48) യാണ് മരിച്ചത്.
എന്യൂമറേഷൻ ഫോറം വിതരണത്തിനും ശേഖരിക്കാനും വീടുകള്‍ കയറിയിറങ്ങിയിരുന്ന ശാന്തിമണി കടുത്ത ജോലി സമ്മര്‍ദത്തിലായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഐസിഡിഎസ് ജോലികള്‍ക്ക് പുറമെ ബിഎൽഒയുടെ ചുമതലകൂടി വഹിക്കേണ്ടിവന്നത് മാനസികമായി തളര്‍ത്തി. സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. എസ്ഐആര്‍ നടപടി തുടങ്ങിയശേഷം ജോലി സമ്മര്‍ദവും അനിശ്ചിതത്വവും മറ്റ് ആശങ്കകളും കാരണം സംസ്ഥാനത്ത് 28 പേര്‍ ജീവനൊടുക്കിയതായി മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.
കഴിഞ്ഞ ദിവസം കേരളത്തിലെയും രാജസ്ഥാനിലെയും ബിഎൽഒമാർ ജീവനൊടുക്കിയിരുന്നു. രാജസ്ഥാനിലെ സ്‌കൂൾ അധ്യാപകനായ മുകേഷ് ജംഗിദ് (45) വോട്ടർപ്പട്ടിക തീവ്രഃപുനപരിശോധനയുടെ ഭാഗമായി കടുത്ത ജോലി സമ്മർദമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ട്രെയിനിനുമുമ്പിൽ ചാടി ജീവനൊടുക്കുകയായിരുന്നു. കണ്ണൂരിൽ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുകുടുക്ക 18ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജിനെ ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.








0 comments