എത്തിയത് മാരകായുധങ്ങളുമായി; ഭോപ്പാലിൽ കഫേ തല്ലിത്തകർത്ത് അക്രമിസംഘം

ഭോപ്പാൽ: മാരകായുധങ്ങളുമായി മുഖംമൂടിയണിഞ്ഞ് ഭോപ്പാലിലെ ഒരു കഫേയിൽ ഇരച്ചുകയറി ആക്രമണം നടത്തിയ സംഘം പൊലീസിന്റെ പിടിയിൽ. വാളുകൾ, ദണ്ഡുകൾ, വടികൾ എന്നിവ കൈയ്യിലേന്തിയാണ് പത്തിലധികം പേരടങ്ങുന്ന അക്രമിസംഘം കഫേയിലെത്തിയത്. രണ്ട് മിനിറ്റ് തുടർന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
പത്തിലധികം പുരുഷന്മാർ മിസ്രോഡ് ഏരിയയിലെ 'മാജിക് സ്പോട്ട് കഫേ'യിൽ പ്രവേശിക്കുകയും ഫർണിച്ചറുകളും ചില്ലുകളും തകർത്ത് ഓടി രക്ഷപ്പെടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. അക്രമികളെത്തിയ സമയത്ത് കഫേയിലുണ്ടായിരുന്ന ഒരു യുവാവും യുവതിയും ഉടൻതന്നെ ഓടിരക്ഷപ്പെട്ടു.
കൊള്ളയടിക്കാനുള്ള ശ്രമമല്ല ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. "ആക്രമികൾ ഒന്നും എടുക്കാൻ ശ്രമിച്ചില്ല. കഫേ തകർക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് അവർ എത്തിയത്. ഈ പ്രവൃത്തി മുഴുവനായി രണ്ട് മിനിറ്റിൽ താഴെ മാത്രമേ നീണ്ടുനിന്നുള്ളൂ," ഡിസിപി സോൺ-2 വിവേക് സിംഗ് പറഞ്ഞു. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. കഫേ ഉടമ സക്ഷം ഗിരി, യോഗി, നിഖിൽ, അഭിഷേക് എന്നിവരടക്കം അഞ്ച് പേരെയും കണ്ടാലറിയാവുന്ന മറ്റ് ചിലരെയും പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയിൽ പേരുള്ള രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
രണ്ട് വിദ്യാർഥി ഗ്രൂപ്പുകൾ തമ്മിലുണ്ടായ മുൻ വൈരാഗ്യവുമായി ആക്രമണത്തിന് ബന്ധമുണ്ടാകാം എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നവംബർ 16-ന് നടന്ന തർക്കത്തിൽ യോഗി എന്നയാളെ അഭിഷേക് രാജ്‌പുത്തും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചതായി ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കട്ടാര ഹിൽസ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട കഫേയുടെ പങ്കാളികളിൽ ഒരാളുടെ സുഹൃത്താണ് അഭിഷേക് എന്നും റിപ്പോർട്ടുണ്ട്. "ശത്രു സംഘങ്ങളുടെ പങ്കാളിത്തമാണ് ഇതുവരെയുള്ള തെളിവുകൾ സൂചിപ്പിക്കുന്നത്. പ്രതികാരത്തിനുള്ള സാധ്യത ഉൾപ്പെടെ എല്ലാ കോണുകളും പരിശോധിക്കുകയാണ്," ഡിസിപി സിംഗ് കൂട്ടിച്ചേർത്തു.








0 comments