ജനവിധിയിലും "ഡിസ്റ്റിങ്ഷൻ" നേടാൻ 21കാരി അഞ്ജന

anjana theresa mathew

അഞ്ജന തെരേസ് മാത്യു വെട്ടത്ത്

വെബ് ഡെസ്ക്

Published on Nov 19, 2025, 04:18 PM | 1 min read

പാലാ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് അങ്കം കുറിച്ച് 21കാരിയായ വിദ്യാർഥി സംഘടനാ നേതാവ് അഞ്ജന തെരേസ് മാത്യു വെട്ടത്ത്. സംസ്ഥാനത്ത്തന്നെ പ്രായംകുറഞ്ഞ മത്സരാർഥികളിലൊരാളായ അഞ്ജന, മീനച്ചിൽ പഞ്ചായത്ത് രണ്ടാം വാർഡ് കിഴപറയാറിലെ എൽഡിഎഫ് സ്ഥാനാർഥിയായാണ് കന്നിയങ്കം. പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ അഞ്ജന കേരള കോൺഗ്രസ് എം പ്രതിനിധിയായാണ് മത്സരിക്കുന്നത്.


ഡിസ്റ്റിങ്ഷനോടെ ഹിന്ദി വിദ്വാൻ പരീക്ഷയിൽ വിജയം നേടിയ അഞ്ജന പാലാ സെൻ്റ് തോമസ് കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. സ്കൂൾതലം മുതൽ പഠന രംഗത്ത് നേടിയ മികച്ച വിജയം തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തോടെ പ്രചരണ രംഗത്ത് ഇതിനകം മേൽകൈ നേടിയ അഞ്ജന തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.


കെഎസ് സി എം മണ്ഡലം സെക്രട്ടറിയായി വിദ്യാർഥി സംഘടനാ പ്രവർത്തന രംഗത്ത് സജീവമായ അഞ്ജന കിഴപറയാർ ഇടവകയിലെ സൺഡേ സ്കൂൾ അധ്യാപികയാണ്. ചെറുപുഷ്പം മിഷൻ ലീഗ് ഭരണങ്ങാനം മേഖല വൈസ് പ്രസിഡൻ്റ്, എസ്എംവൈഎം യൂണിറ്റ് സെക്രട്ടറി, കാത്തലിക് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിലും പൊതുപ്രവർത്തനത്തിൽ സജീവമാണ്.


ആദ്യഘട്ട ഭവന സന്ദർശനം പൂർത്തിയാക്കി പ്രചരണ രംഗത്ത് ഇതിനകം മേൽകൈ നേടിയിട്ടുണ്ട്. മുൻപഞ്ചായത്ത് മെമ്പർ കൂടിയായ പിതൃസഹോദരരൻ സണ്ണി വെട്ടവും എൽഡിഎഫ് പ്രവർത്തകരും പ്രചാരണത്തിന് ചുക്കാൻ പിടിച്ച് ഒപ്പമുണ്ട്. കർഷകനായ കിഴപപറയാർ വെട്ടത്ത് ജി ബേബിയുടെയും ലൈസമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ആൻസ് മാത്യു, അൽഫി മരിയ മാത്യു.



deshabhimani section

Related News

View More
0 comments
Sort by

Home