ചത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ഹോക്ക് സേനയിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഭോപ്പാൽ: മധ്യപ്രദേശിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ഹോക്ക് സേനയിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഇൻസ്‌പെക്ടർ ആശിഷ് ശർമ്മ ( 40 ) ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മധ്യപ്രദേശ്-ഛത്തീസ്ഗഡ്-മഹാരാഷ്ട്ര ട്രൈജംഗ്ഷനു സമീപമുള്ള ഇടതൂർന്ന വനങ്ങളിൽ സായുധ സേന തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ആക്രമണം.
മാവോയിസ്റ്റ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രൈജംഗ്ഷൻ മേഖലയിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു. പ്രദേശത്തെ തിരച്ചിലിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര പൊലീസിന്റെ സംയുക്ത സംഘത്തെ നയിക്കുന്നതിനിടെയാണ് ആശിഷിന് പരിക്കേറ്റത്. തുടയിലും വയറിലും വെടിയേറ്റു.
രാവിലെ 8.30 ഓടെ സായുധ സംഘം പരിശോധന നടത്തുമ്പോൾ ആക്രമണമുണ്ടാവുകയായിരുന്നു. സേന ശക്തമായി തിരിച്ചടിച്ചെങ്കിലും ഓപ്പറേഷനിടെ ആശിഷിന് വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ ഡോൺഗർഗഡ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. അമിത രക്തസ്രാവമുണ്ടായതിനാൽ ജീവൻ രക്ഷിക്കാനായില്ല. രണ്ട് തവണ ധീരതാ മെഡൽ ജേതാവാണ് ആശിഷ്.








0 comments