രോഹിത്തിന് ഒന്നാം സ്ഥാനം നഷ്ടം; പുതിയ അവകാശി കിവീസ് താരം

ദുബായ്: ഏകദിന ക്രിക്കറ്റ് ബാറ്റർമാരിലെ ഒന്നാം റാങ്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് നഷ്ടമായി. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലാണ് ഒന്നാമത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ സെഞ്ചുറി നേടിയ പ്രകടനമാണ് താരത്തെ ഒന്നാമതെത്തിച്ചത്. ഒന്നാം സ്ഥാനത്തുള്ള മിച്ചലിന് 782 പോയന്റും രണ്ടാം സ്ഥാനത്തുള്ള രോഹിതിന് 781 പോയന്റുമാണുള്ളത്.
ആദ്യമായിട്ടാണ് ഡാരിയിൽ മിച്ചൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ കിവീസ് താരമാണ് മിച്ചൽ. 1979ൽ ഒന്നാം സ്ഥാനം വഹിച്ചിരുന്ന കിവീസ് ഇതിഹാസം ഗ്ലെൻ ടർണർ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് രോഹിത്തിനെ ഒന്നാമതെത്തിച്ചത്. മൂന്ന് കളിയിൽ ഒരു സെഞ്ചുറി ഉൾപ്പെടെ 202 റണ്ണടിച്ചു. 18 വർഷത്തെ കളിജീവിതത്തിൽ ഇതാദ്യമായായിരുന്നു മുപ്പത്തെട്ടുകാരൻ ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
പുതിയ പട്ടികയിൽ അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാനാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നാലും മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി അഞ്ചാമതുമാണ്. ശ്രേയസ് അയ്യർ എട്ടാം സ്ഥാനത്തുണ്ട്.
ഏകദിന ബൗളിംഗ് പട്ടികയിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറാം സ്ഥാനത്തുള്ള കുൽദീപ് യാദവാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം. രവീന്ദ്ര ജഡേജ 14-ാം സ്ഥാനത്തും മുഹമ്മദ് സിറാജ് 15-ാം സ്ഥാനത്തുമാണ്.







0 comments