പ്രണയാഭ്യർഥന നിരസിച്ചതിന് പതിനേഴുകാരിയെ കുത്തിക്കൊലപ്പെടുത്തി; 21കാരൻ അറസ്റ്റിൽ

ചെന്നൈ: തുടർച്ചയായി പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമേശ്വരം സേതുപതിനഗറിലാണ് സംഭവം. രാമേശ്വരം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥിനി ശാലിനി(17)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മത്സ്യത്തൊഴിലാളിയും സെരൻകോട്ടൈ സ്വദേശിയുമായ മുനിയരാജിനെ(21) പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വർഷത്തിലേറെയായി ശാലിനിയുടെ പിന്നാലെനടന്ന് ശല്യംചെയ്യുകയായിരുന്നു മുനിയരാജെന്ന് പൊലീസ് പറഞ്ഞു. ശാലിനിയുടെ അച്ഛൻ മാരിയപ്പൻ മത്സ്യത്തൊഴിലാളിയാണ്. മുനിയരാജ ശല്യംചെയ്യുന്നത് തുടർച്ചയായപ്പോൾ കഴിഞ്ഞദിവസം ശാലിനി വിവരം അച്ഛനെ അറിയിച്ചു. തുടർന്ന് മാരിയപ്പൻ മുനിയരാജയുടെ വീട്ടിൽചെന്ന് താക്കീത് നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള പകയാണ് കൊലാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ബുധൻ രാവിലെ സ്കൂളിലേക്ക് പോകവെ ശാലിനിയെ തടഞ്ഞുനിർത്തി മുനിയരാജ് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ പലതവണ കത്തികുത്തിയിറക്കിയതാണ് മരണകാരണം. സ്ഥലത്തുണ്ടായിരുന്നവർ ഉടൻതന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ശാലിനിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
തുടർന്ന് ഒളിവിൽപോയ മുനിയരാജ തെരച്ചിലിനൊടുവിൽ പൊലീസ് പിടികൂടുകയായിരുന്നു.








0 comments