'തിയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിലേക്ക്

കൊച്ചി: ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ സജിന്‍ ബാബുവിന്റെ പുതിയ ചിത്രം, 'തിയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. 'ബിരിയാണി' എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്ത് അഞ്ജന ടാക്കീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ റിമാ കല്ലിങ്കലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാര്‍ഥ്യവും മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തില്‍ അവതരിപ്പിക്കുന്നു.
ടാറ്റർസ്ഥാൻ-ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ (TIME) സാംസ്കാരിക പരിപാടിയുടെ ഭാഗമായി 2025 ഒക്ടോബർ 8-നും 9-നും റഷ്യയിലെ കാസാനിൽ വെച്ചാണ് ചിത്രത്തിന്റെ പ്രദർശനം. വ്യാപാര, സാംസ്കാരിക, നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ഫോറം, ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള പ്രത്യേക പരിപാടികൾക്കും ചർച്ചകൾക്കും വേദിയൊരുക്കുന്നുണ്ട്.
നേരത്തെ കാന്‍സ് ചലച്ചിത്രമേളയില്‍ ട്രെയ്ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ആഗോളതലത്തില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. 2025-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും 'തീയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി' ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുകയും പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യും. അതോടൊപ്പം, സജിന്‍ ബാബു 'ആധുനിക ഇന്ത്യന്‍ സിനിമ: സമകാലിക പ്രവണതകള്‍' എന്ന വിഷയത്തില്‍ പ്രത്യേക പ്രഭാഷണവും നടത്തും. സംവിധായകന്‍ ഡോ. ബിജു ''ഇന്ത്യന്‍ സിനിമയും സംസ്‌കാരാതീതമായ കഥാവതരണങ്ങളും'' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 2025 ഒക്ടോബര്‍ 16-ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.









0 comments