'പുഷ്പ'യിൽ നിന്ന് 'കാട്ടാളനി'ലേക്ക് തെലുങ്ക് നടൻ രാജ് തിരൺദാസു

കൊച്ചി: 'മാർക്കോ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ തെലുങ്ക് താരം രാജ് തിരൺദാസുവും. നവാഗതനായ പോൾ ജോർജ്ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പുഷ്പ: ദി റൈസി'ൽ മൊഗിലീസു എന്ന കഥാപാത്രമായെത്തിയ രാജ് തിരൺദാസുവിനെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാനിടയില്ല. പരുക്കനും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻറെ അസാമാന്യ കഴിവുകൊണ്ടുതന്നെ 'കാട്ടാളനി'ൽ ഞെട്ടിക്കാൻ കച്ചമുറുക്കി തന്നെയാണ് രാജിൻറെ വരവ്.
'കാട്ടാളൻറെ വേട്ടയിൽ ഇനി രാജ് തിരൺദാസും' എന്ന ടാഗ് ലൈനുമായി പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്. ബുട്ട ബൊമ്മ, ഭുവന വിജയം, ചക്രവ്യൂഹം, പ്രേമ വിമാനം, ഭഗവന്ത് കേസരി, തില്ലു സ്ക്വയർ, മൈക്കിൾ, പുഷ്പ ദ റൈസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് രാജ് തിരൺദാസു.
ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും മറ്റ് ഭാഷകളിൽ നിന്നുമടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ജഗദീഷ്, സിദ്ധിഖ് പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ്, റാപ്പർ ബേബി ജീൻഎന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിൽ പെപ്പെ "ആൻറണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ പ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ സംഘട്ടനം ഒരുക്കിയത്.
കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതം. സംഭാഷണം: ഉണ്ണി ആർ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, ഛായാഗ്രഹണം: രെണദേവ്. ഓഡിയോഗ്രഫി: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.









0 comments