മുല്ലപ്പെരിയാർ ജലനിരപ്പ് 136.20 അടി പിന്നിട്ടു; ആദ്യഘട്ട മുന്നറിയിപ്പ് നൽകി തമിഴ്നാട്

കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.20 അടി പിന്നിട്ടു. ജലനിരപ്പ് 136 അടി എത്തിയതോടെ വെള്ളി രാത്രി എട്ടിന് തമിഴ്നാട് ആദ്യഘട്ട വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. റൂൾകർവ് പ്രകാരം സംഭരണ ശേഷിയായ 142 അടി വരെ വെള്ളം നവംബർ 30 വരെ സംഭരിക്കാൻ തമിഴ്നാടിന് അവകാശമുണ്ട്.
വ്യാഴം രാവിലെ ആറിന് ജലനിരപ്പ് 135 അടി എത്തിയത് മുതൽ തമിഴ്നാട് മുല്ലപ്പെരിയാറിൽനിന്ന് വെള്ളം കൊണ്ടുപോകുന്നത് പൂർണമായും നിർത്തി. വെള്ളമെടുക്കുന്നത് നിർത്തിയതും വൃഷ്ടിപ്രദേശങ്ങളിൽ ഇടവിട്ടുള്ള കനത്ത മഴയും മൂലമാണ് ജലനിരപ്പ് ഉയർന്നത്.
കഴിഞ്ഞവർഷം ഇതേ ദിവസം അണക്കെട്ടിൽ 121.90 അടി വെള്ളമാണ് ഉണ്ടായത്. മുൻ വർഷത്തേക്കാൾ 14.30 അടിയുടെ വർധന. ശനി രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1313 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 3.4 മില്ലിമീറ്ററും തേക്കടിയിൽ 24.4 മില്ലിമീറ്ററും കുമളിയിൽ 10 മില്ലിമീറ്ററും മഴപെയ്തു. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനിയിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 62.07 അടിയിലേക്ക് കുറഞ്ഞു.








0 comments