പിടികിട്ടാപ്പുള്ളി ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

നിബിൻ
ചാലക്കുടി
കവർച്ചാക്കേസിലെ പിടികിട്ടാപ്പുള്ളിയും സ്റ്റേഷൻ റൗഡിയുമായ പ്രതിയെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. മാള ഗുരുതിപ്പാല ആനപ്പാട്ട് നിബിൻ(35) ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പിടികൂടിയത്. പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ച 2010 ലെ ചാലക്കുടി സ്റ്റേഷനിലെ കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ ചാലക്കുടിയിൽ 2010 ലെ കവർച്ചക്കേസിൽ പിടികിട്ടാപ്പുള്ളി വാറണ്ടും 2020 ൽ ആളൂരിൽ അടിപിടിക്കേസിലും മാളയിലെ വധശ്രമക്കേസിലും 2024ൽ മാളയിലെ വധശ്രമക്കേസിലും ജാമ്യമില്ലാ വാറണ്ടുമുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന നിബിൻ ദുബായിൽ നിന്ന് ചെന്നൈ വിമാനത്താവളം വഴി രഹസ്യമായി നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ് വയ്ക്കുകയും ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും ചെയ്തു. തുടർന്ന് പ്രത്യേക അന്വേഷക സംഘം ചെന്നൈയിലെത്തി നിബിനെ അറസ്റ്റ് ചെയ്ത് ചാലക്കുടി സ്റ്റേഷനിൽ എത്തിച്ചു. നിബിൻ ചാലക്കുടി, മാള, മതിലകം, ആളൂർ സ്റ്റേഷനുകളിൽ ഒമ്പത് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.








0 comments