print edition നൈജീരിയയിൽ സ്‌കൂളിൽനിന്ന് 315 പേരെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയില്‍ ക്രിസ്ത്യന്‍ സ്കൂളില്‍ അതിക്രമിച്ച് കയറിയ സായുധ സംഘം 315 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. 12 അധ്യാപകരെയും 303 വിദ്യാർഥികളെയുമാണ് തട്ടിക്കൊണ്ടുപോയതെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സിഎഎൻ) അറിയിച്ചു. നൈജർ സംസ്ഥാനത്തെ പാപ്പിരിയിലെ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്‌ചയാണ് സംഭവം.
നാല് ദിവസം മുന്പ് അയൽ സംസ്ഥാനമായ കെബ്ബിയിലെ മാഗ ടൗണിലെ 25 സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. സിഎഎൻ നൈജർ ചാപ്റ്റർ ചെയർമാൻ ഫാ. ബുലുസ് ദൗവ യോഹന്ന സ്കൂൾ സന്ദർശിച്ച് തട്ടിക്കൊണ്ടുപോയ കുട്ടികളുടെ മാതാപിതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും അസോസിയേഷൻ പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. നൈജീരിയയിൽ ക്രൈസ്‌തവർക്കുനേരെയുള്ള ആക്രമണങ്ങൾ കൂടിവരികയാണെന്നും വേണ്ടി വന്നാൽ സൈനിക ഇടപെടൽ നടത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു.
സർക്കാരിന്റെയും സുരക്ഷാ ഏജൻസികളുടെയും ശ്രദ്ധയിൽവരാത്ത വിദൂര ഗ്രാമങ്ങളിൽ സായുധസംഘങ്ങൾ നടത്തുന്ന ആക്രമണങ്ങൾ കൂടിയിട്ടുണ്ട്. അടുത്തിടെ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയ കെബ്ബിയിലെ മാഗ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. സംഘർഷബാധിതമായ 10 സംസ്ഥാനങ്ങളിലെ 37 ശതമാനം സ്‌കൂളുകളിൽ മാത്രമേ കൃത്യമായി സുരക്ഷാ മുന്നറിയിപ്പുകൾ നൽകാൻ സംവിധാനമുള്ളൂവെന്ന് യുനിസെഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ബൊക്കൊഹറാം തീവ്രവാദികൾ നേരത്തെ വിവിധ സ്‌കൂളുകളിൽനിന്ന് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയിരുന്നു.







0 comments