print edition രാജ്യം പ്രക്ഷോഭത്തിലേക്ക്‌; ലേബർ കോഡുകൾ അടിച്ചേൽപ്പിച്ചതിനെതിര ട്രേഡ്‌ യൂണിയനുകൾ സമരത്തിന്‌

labour

labour

avatar
എം പ്രശാന്ത്‌

Published on Nov 23, 2025, 01:00 AM | 1 min read

ന്യൂഡൽഹി : കുത്തകകളുടെയും തൊഴിലുടമകളുടെയും താൽപ്പര്യാർഥം മോദി സർക്കാർ അടിച്ചേൽപ്പിച്ച ലേബർ കോഡുകൾക്കെതിരായി ഐതിഹാസിക പ്രക്ഷോഭത്തിനൊരുങ്ങി രാജ്യത്തെ തൊഴിലാളിവർഗം. ബുധനാഴ്‌ച രാജ്യവ്യാപക പ്രതിഷേധത്തോടെ പോരാട്ടങ്ങൾക്ക്‌ നാന്ദിയാകും. ഗ്രാമങ്ങളിൽ കോഡുകളുടെ പകർപ്പ്‌ കത്തിച്ച്‌ കർഷക സംഘടനകൾ ഐക്യദാർഢ്യമേകും.


29 തൊഴിൽ നിയമങ്ങളെയാണ്‌ വേതന കോഡ്, വ്യവസായബന്ധ കോഡ്, സാമൂഹ്യസുരക്ഷാ കോഡ്, തൊഴിൽ കോഡ് എന്നിങ്ങനെ നാല്‌ കോഡുകളാക്കി മാറ്റിയത്‌. വെള്ളിയാഴ്‌ച അവ പ്രാബല്യത്തിലായെന്ന്‌ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതമാക്കിയ കർഷകരുടെ ഐതിഹാസിക പോരാട്ടത്തിന്റെ മറ്റൊരു പതിപ്പിലേക്കാണ്‌ രാജ്യം നീങ്ങുന്നത്‌. കോഡുകൾ പിൻവലിക്കുംവരെ രാജ്യവ്യാപക സമരം സംഘടിപ്പിക്കുമെന്ന്‌ സിഐടിയു അടക്കമുള്ള കേന്ദ്ര ട്രേഡ്‌യൂണിയനുകൾ പ്രഖ്യാപിച്ചു. ബിഎംഎസ്‌ പ്രതിഷേധത്തിനൊപ്പമില്ല. ബജറ്റിന്‌ മുന്നോടിയായി ധനമന്ത്രിയുമായി നടത്തിയ ചർച്ചയിലും ലേബർ കോഡുകൾ പിൻവലിക്കണമെന്ന്‌ ട്രേഡ്‌യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിഹാർ തെരഞ്ഞെടുപ്പ്‌ വിജയത്തിൽ മതിമറന്ന മോദി സർക്കാർ വെള്ളിയാഴ്‌ച അപ്രതീക്ഷിതമായാണ്‌ പ്രഖ്യാപനം നടത്തിയത്‌.


അമേരിക്കയുമായി വ്യാപാര ചർച്ച തുടരുന്ന സാഹചര്യത്തിൽ ട്രംപ്‌ ഭരണകൂടത്തിന്റെ സമ്മർദവും തൊഴിൽ കോഡുകൾ വേഗം പ്രഖ്യാപിക്കുന്നതിന്‌ കാരണമായി. മോദി സർക്കാരിന്റെ പ്രഖ്യാപനത്തിൽ വ്യവസായ സംഘടനകളും കോർപ്പറേറ്റുകളും അമിതാഹ്ലാദത്തിലാണ്‌. സിപിഐ എം ഉൾപ്പെടെ ഇടതുപക്ഷ പാർടികൾ ട്രേഡ്‌ യൂണിയനുകളെ ശക്തമായി പിന്തുണക്കുന്നുണ്ട്.


തൊഴിലാളികൾക്ക്‌ ഗുണം ചെയ്യുന്നതാണ്‌ പുതിയ കോഡുകളെന്ന്‌ സമർഥിക്കാൻ സർക്കാരും സർക്കാർ അനുകൂല മാധ്യമങ്ങളും തീവ്രമായി ശ്രമിക്കുന്നുണ്ട്‌. എന്നാൽ, സർക്കാർ വാദങ്ങളെ ഖണ്ഡിച്ച്‌ സിഐടിയു രംഗത്തുവന്നു. കരാർതൊഴിൽ വ്യാപകമാക്കുന്നതും അടച്ചുപൂട്ടലും പിരിച്ചുവിടലും എളുപ്പമാക്കുന്നതുമാണ്‌ കോഡുകളെന്ന്‌ ട്രേഡ്‌ യൂണിയനുകൾ ചൂണ്ടിക്കാട്ടി. 10 തൊഴിലാളികളുണ്ടെങ്കിൽ തൊഴിൽ നിയമങ്ങൾ ബാധകമാക്കുമെന്ന വ്യവസ്ഥ 20 തൊഴിലാളികൾ എന്ന്‌ തിരുത്തിയതോടെ രജിസ്റ്റർചെയ്‌ത ഫാക്‌ടറികളിൽ പകുതിയും ലേബർ കോഡുകൾക്ക്‌ പുറത്താകും.



deshabhimani section

Related News

View More
0 comments
Sort by

Home