print edition നടപ്പാക്കുന്നത്‌ പാർലമെന്റിൽ ഒളിച്ചുകടത്തിയ നിയമങ്ങൾ; എതിർത്തത്‌ ഇടതുപക്ഷം മാത്രം, കോൺഗ്രസ്‌  കൂട്ടുനിന്നു

jpc
വെബ് ഡെസ്ക്

Published on Nov 23, 2025, 12:59 AM | 1 min read

ന്യൂഡൽഹി : തൊഴിലാളികളെ ദ്രോഹിക്കുന്നതിനും കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതിനുമായി മോദി സർക്കാർ കൊണ്ടുവന്ന നാല്‌ ലേബർ കോഡുകളെയും പാർലമെന്റിൽ ശക്തമായി എതിർത്തത്‌ ഇടതുപക്ഷം മാത്രം. വേജ് കോഡിനെ പാർലമെന്റിൽ പിന്തുണച്ച കോൺഗ്രസ്‌ മറ്റ്‌ മൂന്ന്‌ കോഡുകളെ കാര്യമായി എതിർത്തിയില്ല. ഐഎൻടിയുസി ശക്തമായി എതിർക്കുമ്പോഴാണ്‌ കോൺഗ്രസ്‌ തൊഴിലാളിദ്രോഹ നിലപാട്‌ സ്വീകരിച്ചത്‌. ബിഎംഎസ്‌ തുടക്കത്തിൽ നാല്‌ കോഡുകളെയും എതിർത്തെങ്കിലും സർക്കാരിന്‌ വഴങ്ങി മലക്കംമറിഞ്ഞു.


ഒന്നാം മോദി സർക്കാരിന്റെ കാലത്ത്‌ തന്നെ ലേബർ കോഡ് കൊണ്ടുവരാൻ പദ്ധതിയിട്ടു. എന്നാൽ ഇടതുപക്ഷ പാർടികളുടെയും ട്രേഡ്‌ യൂണിയനുകളുടെയും എതിർപ്പിൽ പിൻവലിഞ്ഞു. 2019ൽ വർധിച്ച ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തിയതോടെ ലേബർ കോഡുകൾ പൊടിതട്ടിയെടുത്തു. 2019 ആഗസ്‌തിൽ വേജ് കോഡ് പാർലമെന്റിൽ. ഇടതുപക്ഷ പാർടികൾ ശക്തമായി എതിർത്തു. കോൺഗ്രസും ബിജെപിയും കൈകോർത്തതോടെ ഇരുസഭയിലും പാസായി. കോവിഡ്‌ കാലത്ത്‌ 2020 സെപ്‌തംബറിലെ വർഷകാല സമ്മേളനത്തിലാണ്‌ ശേഷിക്കുന്ന മൂന്ന്‌ കോഡ് കൊണ്ടുവന്നത്‌.


രാജ്യവ്യാപകമായി കർഷകപ്രക്ഷോഭത്തിന്‌ വഴിയൊരുക്കിയ കർഷകദ്രോഹ ബില്ലുകളും ഇതേ സമ്മേളനത്തിൽ പരിഗണിച്ചു. രണ്ടിനുമെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. കർഷക ബില്ലുകൾ വോട്ടിനിടാതെ പാസാക്കാനുള്ള നീക്കത്തെ രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ എതിർത്തു. സിപിഐ എം രാജ്യസഭാ നേതാവായിരുന്ന എളമരം കരീം, കെ കെ രാഗേഷ്‌ തുടങ്ങി എട്ട്‌ എംപിമാരെ സസ്‌പെൻഡ്‌ചെയ്‌തു. വോട്ടെടുപ്പില്ലാതെ ബില്ലുകൾ ഏകപക്ഷീയമായി പാസാക്കി. സസ്‌പെൻഷനിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷ പാർടികൾ സഭ ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷമില്ലാതെയാണ്‌ ആദ്യം ലോക്‌സഭയിലും തുടർന്ന്‌ രാജ്യസഭയിലും മൂന്ന്‌ കോഡും ചർച്ചയില്ലാതെ പാസാക്കിയത്‌. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ സുപ്രധാന ബില്ലുകൾ പാസാക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ 12 പ്രതിപക്ഷ പാർടികൾ രാജ്യസഭാധ്യക്ഷന്‌ കത്തുനൽകിയെങ്കിലും ഫലമുണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Home