print edition ഷാബാ ഷെരീഫ് വധം, അബുദാബി ഇരട്ടക്കൊലപാതകം; ഒളിവിലായിരുന്ന പ്രതി ചെന്നൈയില്‍ പിടിയില്‍

നിലമ്പൂർ: പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് വധം, അബുദാബി ഇരട്ടക്കൊലപാതകം കേസുകളുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതിയെ ചെന്നൈയില്‍ സിബിഐ പിടികൂടി. നിലമ്പൂര്‍ മുക്കട്ട പഴയ പോസ്റ്റ് ഓഫീസിനുസമീപം കുന്നേക്കാടന്‍ ഷമീമി (30)നെയാണ് അബുദാബി ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പിടികൂടിയത്.
ഇയാളെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാരമ്പര്യ വൈദ്യന്‍ മൈസൂര്‍ സ്വദേശി ഷാബാ ഷരീഫ് വധക്കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ 2022 ഏപ്രിലിലാണ് ഷമീം ഒളിവില്‍പോയത്. ഈ കേസില്‍ ഏപ്രില്‍ 18ന് മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ഒന്ന് വിധി പറഞ്ഞിരുന്നു. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന് ഒമ്പത് വര്‍ഷം തടവ് ഉള്‍പ്പെടെ വിധിച്ചിട്ടുണ്ട്. ഒളിവിലായിരുന്ന ഷമീമിനെ പിടികൂടിയതോടെ ഷാബാ ഷരീഫ് വധക്കേസ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് ചെയ്യും. തുടര്‍ന്ന് വിചാരണ നടപടികളും പൂര്‍ത്തീകരിക്കും. 2020 മാര്‍ച്ചില്‍ കോഴിക്കോട് സ്വദേശിയായ ഹാരിസ് പറമ്പില്‍, അദ്ദേഹത്തിന്റെ ഓഫീസ് മാനേജർ ബെന്‍സി ആന്റണി എന്നിവരെ അബുദാബിയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്. ഇത് ആത്മഹത്യയാണെന്നാണ് അബുദാബി പൊലീസ് ആദ്യം കണക്കാക്കിയിരുന്നത്. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
രണ്ടുവര്‍ഷംകഴിഞ്ഞാണ് നിലമ്പൂരില്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനായി കോടതി കണ്ടെത്തിയ ഷൈബിന്‍ അഷ്റഫിന്റെ നിര്‍ദേശപ്രകാരമായിരുന്നു അബുദാബിയില്‍ കൊലപാതകം നടന്നതെന്ന വിവരം പുറത്തുവരുന്നത്. രണ്ടുപേരുടേയും മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്.







0 comments