'കാട്ടാളനി'ലെ പാൻ ഇന്ത്യൻ എൻട്രി! പ്രേക്ഷകരെ ഞെട്ടിക്കാൻ സുനിലും കബീർ സിങും

കൊച്ചി: ‘കാട്ടാളനി’ൽ വിസ്മയിപ്പിക്കാൻ ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയ താരങ്ങളായ സുനിലും കബീർ ദുഹാൻ സിങും എത്തുന്നു. നവാഗതനായ പോള്‍ ജോര്‍ജ്ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് കാട്ടാളൻ.
പുഷ്പ, ജയിലർ, ഗുഡ് ബാഡ് അഗ്ലി, അല വൈകുണ്ഡപുരമുലൂ, മാവീരൻ, മാർക്ക് ആന്‍റണി, മഗധീര തുടങ്ങി ഒട്ടേറെ സിനിമകളിൽ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ളയാളാണ് തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ സുനിൽ. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള സുനിൽ ഇതിനകം ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇതാദ്യമായാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകുന്നത്.
ഇന്ത്യൻ സിനിമയിലെ അതിശക്തരായ ഓൺ-സ്‌ക്രീൻ വില്ലന്മാരിൽ പ്രധാനിയായ കബീർ ദുഹാൻ സിംഗ് ' മാർക്കോ'യിലൂടെ 'ദ മോസ്റ്റ് ബ്രൂട്ടലിസ്റ്റിക് വില്ലൻ' എന്ന് പേരെടുത്തു കഴിഞ്ഞിട്ടുണ്ട്. ‘തമിഴിൽ 'വേതാള'ത്തിലും 'കാഞ്ചന 3' യിലും അഭിനയിച്ച് ശ്രദ്ധേയനായ കബീർ വീണ്ടും മലയാളത്തിൽ അമ്പരപ്പിക്കാൻ എത്തുകയാണ്. 'കാട്ടാളനി'ൽ കിടിലൻ മേക്കോവറിൽ ഇരുവരും എത്തുമ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.
ചിത്രത്തിൽ ആക്ഷനൊരുക്കാൻ എത്തുന്നത് പ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണെന്ന് സൂചന. കെച്ച കെംബഡികെയെ നേരിൽ കണ്ട് സംസാരിക്കുന്ന വീഡിയോ 'കാട്ടാളൻ' ടീം പുറത്തുവിട്ടിരുന്നു. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ കെച്ച കെംബഡികെയുടെ മലയാളത്തിലെ അരങ്ങേറ്റം 'കാട്ടാളനി'ലൂടെയാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകർ.
ആന്‍റണി പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെ സൂചിപ്പിക്കുന്ന പോസ്റ്റർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് ചിത്രത്തിൽ സംഗീതമൊരുക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. രെണദേവാണ് ഛായാഗ്രാഹകൻ. ഓഡിയോഗ്രഫി- എം ആർ രാജാകൃഷ്ണൻ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ- ആതിര ദിൽജിത്ത്.









0 comments