ഓസ്കർ പ്രഖ്യാപനം നാളെ; ആകാംഷയോടെ സിനിമാപ്രേമികൾ

OSCARS
വെബ് ഡെസ്ക്

Published on Mar 02, 2025, 08:19 PM | 1 min read

ലോസ് ഏഞ്ചൽസ്: 97-ാമത് അക്കാദമി അവാർഡുകൾ നാളെ പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ആകാംഷയ്ക്കാണ് നാളെ വിരാമമാകുന്നത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര പ്രഖ്യാപനം. ഹാസ്യനടനും എമ്മി പുരസ്കാര ജേതാവുമായ കോനൻ ഒബ്രിയൻ ആകും പുരസ്കാര ചടങ്ങിലെ അവതാരകൻ. ആദ്യമായാണ് ഒബ്രിയാൻ ഓസ്കാറിന്റെ അവതാരകനാകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 5:30 മുതൽ സ്റ്റാർ മൂവീസിലും ജിയോ ഹോട്ട്‌സ്റ്റാറിലും പരിപാടി തത്സമയം പ്രേഷകര്‍ക്ക് കാണാനാകും.


അനോറ, ദി ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അൺനോൺ കോൺക്ലേവ്, ഡ്യൂൺ: രണ്ടാം ഭാഗം, എമിലിയ പെരസ്, ഐ ആം സ്റ്റിൽ ഹിയർ, നിക്കൽ ബോയ്സ്, ദി സബ്‌സ്റ്റൻസ്, വിക്കഡ് എന്നിവയാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്. ജാക്വസ് ഓഡിയാർഡ്(എമിലിയ പെരെസ്), സീൻ ബേക്കർ (അനോറ), ബ്രാഡി കോർബറ്റ്(ദി ബ്രൂട്ടലിസ്റ്റ്), കോറലി ഫാർഗേറ്റ്(ദി സബ്സ്റ്റൻസ്), ജെയിംസ് മാൻഗോൾഡ്(എ കംപ്ലീറ്റ് അൺനോൺ) എന്നിവരാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്.


സിന്തിയ എറിവോ(വിക്കഡ്), കാർല സോഫിയ ഗാസ്കോൺ(എമിലിയ പെരെസ്), മിക്കി മാഡിസൺ(അനോറ), ഡെമി മൂർ( ദി സബ്സ്റ്റൻസ്), ഫെർണാണ്ട ടോറസ്(ഐ ആം സ്റ്റിൽ ഹിയർ) എന്നിവർ മികച്ച നടിക്കുള്ള നോമിനേഷനിലുണ്ട്. ആദ്യമായി ട്രാൻസ് ജെൻഡർ വിഭാഗത്തിൽ നിന്നുള്ള അഭിനേത്രിയായി നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചയാളാണ് കാർല സോഫിയ ഗാസ്കോൺ. മികച്ച നടിക്കുള്ള പുരസ്കാരം നേടിയാൽ ഓസ്കർ ചരിത്രത്തിൽ പുതു ചരിത്രം കുറിക്കും ഈ 52കാരി.


അഡ്രിയൻ ബ്രോഡി(ദി ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ(എ കംപ്ലീറ്റ് അൺനോൺ), കോൾമൻ ഡൊമിംഗോ(സിം​ഗ് സിം​ഗ്), റെയ്ഫ് ഫൈൻസ്(കോൺക്ലേവ്), സെബാസ്റ്റ്യൻ സ്റ്റാൻ(അപ്രൻ്റീസ്) എന്നിങ്ങനെയാണ് മികച്ച നടൻമാർക്കുള്ള നോമിനേഷനുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home