മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി 'കണ്ണപ്പ' ടീം; ചിത്രം ജൂൺ 27ന് തിയേറ്ററുകളിൽ

MOHANLAL KANNAPPA
വെബ് ഡെസ്ക്

Published on May 21, 2025, 02:00 PM | 2 min read

കൊച്ചി: ഗംഭീര വിജയം നേടിയ 'എമ്പുരാൻ', 'തുടരും' സിനിമകളിലൂടെ തുടർച്ചയായി 200 കോടി കളക്ഷൻ നേടി മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാൽ വിസ്മയിപ്പിച്ചിരിക്കുകയാണ്. അടുത്തതായി ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ-ഇന്ത്യൻ ചിത്രം 'കണ്ണപ്പ'യാണ് അദ്ദേഹത്തിൻറേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം. അതേസമയം മോഹൻലാൽ ഇന്ന് തൻറെ 65-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാൾ ആഘോഷങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട്, ജൂൺ 27 ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന 'കണ്ണപ്പ'യെ കുറിച്ചുള്ള ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.


ശക്തവും തീവ്രവുമായ, ഏവരേയും അതിശയിപ്പിക്കുന്ന മോഹൻലാലിൻറെ ദൃശ്യങ്ങളാണ് ചിത്രത്തിലേതായി 'കണ്ണപ്പ'യുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദൃഢനിശ്ചയത്തോടെ, ഏവരേയും ആകർഷിക്കുന്ന അസാമാന്യ സ്ക്രീൻ പ്രസൻസോടെ നടന്നുവരുന്ന അദ്ദേഹത്തിൻറെ ദൃശ്യങ്ങൾ ഏവരിലും രോമാഞ്ചമുണ്ടാക്കും. മാസ്മരികമായ പശ്ചാത്തല സംഗീതത്തോടെ എത്തിയിരിക്കുന്ന ഈ ഹ്രസ്വ വീഡിയോ ഏവരിലും ആകാംക്ഷ ഉണർത്തിയിരിക്കുകകയാണ്.


ഒരു ഇതിഹാസ കഥാപാത്രമായ കിരാതയെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലെ ആരാധകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന കണ്ണപ്പ എന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ്കുമാർ, മോഹൻകുമാർ, ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങിയ വമ്പൻ താരനിര ഒരുമിക്കുകയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27നാണ് റിലീസിനെത്തുന്നത്.


ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മോഹൻലാൽ എല്ലാ വേഷങ്ങളിലും, ഭാഷകളിലും, തലമുറകളുടെ ഇഷ്ടതാരമായി നിരന്തരം സ്വയം പുതുക്കിയിട്ടുണ്ട്. കണ്ണപ്പയിൽ, നിഗൂഢതയും ശക്തിയും കലർന്ന വേഷം ഏറ്റെടുത്തിരിക്കുന്ന അദ്ദേഹത്തിൻറെ രംഗങ്ങൾ ലോകം മുഴുവൻ ചർച്ചയാകുന്നതും ഏവരേയും സ്വാധീനിക്കുന്നതും ആയിരിക്കുമെന്നാണ് സിനിമാവൃത്തങ്ങളിൽ നിന്നുള്ള സൂചന. വിഷ്ണു മഞ്ചുവാണ് ചിത്രം നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്യുന്നത്.


മോഹൻലാലും വിഷ്ണു മഞ്ചുവും തമ്മിൽ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ കണ്ണപ്പ ഇതിനകം ഏറെ ചർച്ചാവിഷയമാണ്. മെയ് 8 മുതൽ, അമേരിക്കയിൽ നിന്ന് "കണ്ണപ്പ മൂവ്മെൻറ്" തുടങ്ങാനിരിക്കുകയാണ്. ജൂൺ 27ന് റിലീസാകുന്ന ചിത്രത്തിൻറെ ആഗോള പ്രമോഷനുകൾക്ക് ഇതോടെ തുടക്കം കുറിക്കും. വിഷ്ണു മഞ്ചുവും സംഘവും ഇന്ത്യയ്‍ക്കൊപ്പം അമേരിക്കയിലുടനീളം 'കണ്ണപ്പ'യ്ക്കായി ഒരു വലിയ റിലീസ് ആസൂത്രണം ചെയ്യുന്നതിനാൽ തന്നെ ഈ അന്താരാഷ്ട്ര സംരംഭം ചിത്രത്തെ ഏവരിലേക്കും എത്തിക്കുന്നതിനായാണ് വിഭാവനം ചെയ്തിരിക്കുന്നത്.


വേറിട്ട കഥപറച്ചിൽ, അതിശയിപ്പിക്കുന്ന ചില ദൃശ്യങ്ങൾ, ആത്മീയമായ മാനങ്ങൾ എന്നിവയെ കുറിച്ചുള്ള ചില സൂചനകൾ നൽകി ചിത്രം ഇതിനകം ആരാധകരുടെ ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നും 'കണ്ണപ്പ മൂവ്മെൻറ് ' ആരംഭിക്കുന്നതിലൂടെ, വിഷ്ണു മഞ്ചു തൻറെ സിനിമയ്ക്കുവേണ്ടിയുള്ള പ്രചരണം മാത്രമല്ല ലക്ഷ്യമിടുന്നത്, അതോടൊപ്പം ആഗോളതലത്തിൽ പ്രേക്ഷകരെ ഒന്നിപ്പിച്ചുകൊണ്ട് ഒരു ദൃശ്യ വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ ഒരുക്കുക കൂടിയാണ്.


'കണ്ണപ്പ'യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങ്ങിൻറെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.


ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫർ. സംഗീതം സ്റ്റീഫൻ ദേവസി, എഡിറ്റർ ആൻറണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് മഹേശ്വർ, ആർ വിജയ് കുമാർ, പിആർഒ ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home