മനം കവർന്ന മണിനാദം നിലച്ചിട്ട് ഒമ്പത് വർഷം

ചാലക്കുടിയിലെ ഓട്ടോക്കാരനായും, മിമിക്രി കലാകാരനായും സിനിമാ താരമായും നിലകൊള്ളുമ്പോൾ അയാൾ ഓരോ മലയാളിയുടേയും കൂടപ്പിറപ്പും കൂട്ടുകാരനുമായി. ഉള്ളുതുറന്ന് പാടി, അരങ്ങിൽ ആടിത്തിമിർത്തു... ഒടുവിൽ സ്നേഹിച്ചവർക്കെല്ലാം മണിനാദം ബാക്കിയാക്കി കലാഭവൻ മണി വിടവാങ്ങിയിട്ട് ഒമ്പത് വർഷം. കലർപ്പില്ലാത്ത സ്നേഹത്തിന്റെയും നിഷ്കളങ്കമായ പാട്ടിന്റെയും പേരായിരുന്നു കലാഭവൻ മണി. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്‌ചാത്തലത്തിൽ നിന്നുമാണ് കലാഭവൻ മണി സിനിമയിലെത്തുന്നത്. അനുകരണകലയിൽ തനിക്കു ഭാവിയുണ്ടെന്ന തിരിച്ചറിഞ്ഞ മണി ഈ കലയിൽ തുടരുകയായിരുന്നു. പിന്നീട് സ്‌കൂൾ പഠനം തീരാറായപ്പോൾ പകൽ സമയങ്ങളിൽ ഓട്ടോ ഡ്രൈവറും രാത്രി മിമിക്രി ആർട്ടിസ്‌റ്റുമായി. സാധാരണാക്കാരിൽ സാധാരണക്കാരനായ കലാകാരനായിരുന്നു മണി എന്ന് സാംസ്കാരികലോകമാകെ ഒരു മടിയുമില്ലാതെ പറയും. സിനിമയിലൂടെയുള്ള വളർച്ചയിലും അടുത്തെത്തുന്ന എല്ലാവരെയും ചേർത്തുനിർത്തിയ കലാകാരനായിരുന്നു അദ്ദേഹം.
കലാഭവൻ മണിയിലെ നടനും ഗായകനും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. എക്കാലത്തും ആ നാടൻ ശീലുകൾ ആരും മറക്കില്ലെ. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായാണ് സിനിമയിലെ തുടക്കം. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തി. ഉദ്യാനപാലകൻ, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിൽ സീരിയസ് കഥാപാത്രങ്ങൾ അവതരിപ്പിച്ചു. വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകർ സ്വീകരിച്ചതോടെ മണിയുടെ ജീവിതവും മാറി. മണി നെഞ്ചുടുക്ക് കൊട്ടി പാടിയപ്പോൾ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.
നായക നടനായും സഹനടനായും അഭിനയിക്കുമ്പോൾ തന്നെ മണി വില്ലൻ വേഷങ്ങളിലും ഒരേപോലെ തിളങ്ങി. ശബ്ദവും വേഷവും കൊണ്ട് തമിഴ് പ്രേഷകർ അയാളെ സ്റ്റൈലിഷ് വില്ലൻ എന്ന് വിളിച്ചു. ചരൺ സംവിധാനം ചെയ്ത് ജെമിനി എന്ന ചിത്രമാണ് തമിഴ് പ്രേഷകർക്ക് മണിയെ പ്രിയങ്കരനാക്കിയത്. അതുവരെ തമിഴ് സിനിമ കണ്ടിരുന്ന വില്ലൻ കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമായ പ്രകടനമാണ് ജെമിനിയിലെ മണി അവതരിപ്പിച്ച കഥാപാത്രം. മലയാലത്തിലും നായകനോടൊപ്പമോ അല്ലെങ്കിൽ ഒരു പടി മുകളിയോ സ്കോർ ചെയ്യുന്ന നിരവധി വില്ലൻ കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. മലയാളി മാമ്മന് വണക്കം, വെള്ളിത്തിര, ഛോട്ടാ മുംബൈ, വക്കാലത്ത് നാരായണൻകുട്ടി, രാക്ഷസ രാജാവ് തുടങ്ങിയ ചിത്രങ്ങളിലെ വില്ലനിസം മണിയ്ക്ക് മാത്രം സാധ്യമാവുന്നവയായിരുന്നു.
ദേശീയ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം, കേരള സർക്കാരിന്റെ സ്‌പെഷൽ ജൂറി പ്രൈസ്, സത്യൻ ഫൗണ്ടേഷൻ അവാർഡ് എന്നീ അംഗീകാരങ്ങൾ മണിയെ തേടിയെത്തിയിട്ടുണ്ട്. വൺമാൻ ഷോ, സമ്മർ ഇൻ ബേത്‌ലഹേം, ദില്ലിവാലാ രാജകുമാരൻ, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടൻ, ആറാം തമ്പുരാൻ, വസന്തമാളിക എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയായിരുന്നില്ല മണി. മറുമലർച്ചി, വാഞ്ചിനാഥൻ, ജെമിനി, ബന്താ പരമശിവം എന്നീ തമിഴ് ചിത്രങ്ങളിലും ഒട്ടേറെ തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ച് ദക്ഷിണേന്ത്യൻ പ്രേഷകരുടെ മനസിൽ ഇന്നും കലാഭവൻ മണി മായതെ നിൽക്കുന്നു.








0 comments