ആരും പറയാത്തൊരു വിഷയം, അർജുന്‍റെ കഥാപാത്രം ഗംഭീരം; 'തലവര'യെ പ്രശംസിച്ച് ഇന്ദ്രൻസ്

കൊച്ചി: ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന 'തലവര'യ്ക്ക് തിയേറ്ററുകള്‍തോറും ഗംഭീരമായ അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുകയാണ്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ഏവരുടേയും അഭിപ്രായം. ഇപ്പോഴിതാ 'തലവര' കണ്ട ശേഷം നടൻ ഇന്ദ്രൻസ് പറഞ്ഞ വാക്കുകള്‍ ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
''തലവര കണ്ടു, ഇഷ്ടപ്പെട്ടു, അർച്ചന31 പോലെ ആരും പറയാത്തൊരു വിഷയം നന്നായി ചെയ്തു. ഓർത്തുവയ്ക്കാൻ കഴിയുന്ന പ്രണയമാണ് ചിത്രത്തിലേത്. എല്ലാ രീതിയിലും ചിത്രം ഒത്തിരി സ്വാധീനിച്ചു. നല്ല നടന്മാർ മലയാളത്തിൽ വരുന്നുണ്ട്, പക്ഷേ അവർക്ക് പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ല, അതിലൊരു ഭാഗ്യമായി തോന്നി അര്‍ജുന്‍റെ കഥാപാത്രം. അർജുൻ കഥാപാത്രം ഗംഭീരമായി ചെയ്തു. ഉള്ളിലെ വേദനയൊക്കെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു. മനസിൽ നിന്ന് മാഞ്ഞുപോകുന്നില്ല. തലവര ഗംഭീരമായിട്ടുണ്ട്. അണിയറയിലെ എല്ലാവർക്കും ആശംസകള്‍'', ഇന്ദ്രൻസ് പറഞ്ഞു.
പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാറാണ് 'തലവര' സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്.
അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.









0 comments