രാഷ്ട്രീയ സിനിമകളുടെ ഇടം ലോക ചലച്ചിത്ര മേളകൾ

ഡോ. ബിജു
കെ എ നിധിൻ നാഥ്
Published on Sep 21, 2025, 09:53 AM | 5 min read
കലാമൂല്യവും സാമൂഹികപ്രതിബദ്ധതയും ഉൾച്ചേരുന്നതാണ് ഡോ. ബിജുവിന്റെ ഓരോ സിനിമയും. വിപണിക്ക് കീഴ്‌പെടാതെ, അതേസമയം മികച്ച സാങ്കേതികമികവോടെയാണ് സിനിമകൾ ഒരുക്കുന്നത്. അരികുവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി സിനിമയെ മാറ്റുന്ന രാഷ്‌ട്രീയ ഇടപെടൽ ആരംഭിച്ചിട്ട് 20 വർഷം തികയുകയാണ്. മലയാളസിനിമയുടെ കച്ചവടവൽക്കരണത്തിൽ ഇല്ലാതെയാകുന്ന ആർട്ട് ഹൗസ് സിനിമയുടെ വക്താവായുള്ള പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ. പ്രശസ്‌ത ചലച്ചിത്രമേളകളിലെ സാന്നിധ്യം. ഈ ചലച്ചിത്ര ഇടപെടലുകൾക്ക് അംഗീകാരമായി ഡോ. ബിജുവിന്റെ ‘പപ്പ ബുക്ക'യെ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തു.
ഇന്ത്യയും പപ്പുവ ന്യൂ ഗിനിയയും സംയുക്ത നിര്‍മാണപങ്കാളികളായ ചിത്രം, പപ്പുവ ന്യൂ ഗിനിയയിൽ വെള്ളിയാഴ്‌ച റിലീസ് ചെയ്‌തു. അതിനുമുന്നോടിയായി നടന്ന പ്രീമിയറിൽ പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രിയടക്കമുള്ളവർ പങ്കെടുത്തു. പപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനിയായ നാഫയുടെ ബാനറില്‍ നോലെന തൌലാ വുനം ഇന്ത്യന്‍ നിര്‍മാതാക്കളായ അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്‌ഷന്‍സ്), പാ രഞ്ജിത് (നീലം പ്രൊഡക്‌ഷന്‍സ്), പ്രകാശ് ബാരെ (സിലിക്കന്‍ മീഡിയ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ‘പപ്പ ബുക്ക'യെ അവതരിപ്പിക്കുന്നത് 85 വയസ്സുള്ള പപ്പുവ ന്യൂ ഗിനിയയിലെ ആദിവാസി നേതാവ് സിനെ ബൊബോറൊ ആണ്. ചിത്രത്തിന്റെ സംഗീതം മൂന്നുതവണ ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുള്ള റിക്കി കേജാണ്. സിനിമയെ രാഷ്‌ട്രീയപ്രവർത്തനമാക്കിയ സംവിധായകൻ ഡോ. ബിജു സംസാരിക്കുന്നു.
സാധ്യമാക്കാൻ അഞ്ചുവർഷം
‘പപ്പ ബുക്ക’ ഇന്ത്യയും പപ്പുവ ന്യൂ ഗിനിയയും തമ്മിലുള്ള നിർമാണസംരംഭമായതിനാൽ സിനിമ സാധ്യമാക്കാൻ വളരെയധികം സമയമെടുത്തു. സർക്കാർകൂടി ഭാഗമായതിനാൽ കൂടുതൽ കടമ്പകളുണ്ടായിരുന്നു. അഞ്ചുവർഷത്തോളം എടുത്താണ് ഈ സിനിമ ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. നിർമാണ കരാർ ഉണ്ടാക്കുന്നതിന് ഒരുപാട് ചർച്ചകൾ നടന്നിട്ടുണ്ട്. സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ടും ഇതിന്റെ വ്യവസ്ഥകളുമായുമെല്ലാം ചർച്ചകൾ ആവശ്യമായിരുന്നു.

പപ്പുവ ന്യൂ ഗിനിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ് എടുക്കുന്നതിനുവേണ്ടി അവർ വിളിച്ചു. എന്നാൽ, കോവിഡ് വന്നതോടെ പോകാനായില്ല. പക്ഷേ, അവരുമായി ബന്ധമുണ്ടായി. അങ്ങനെയാണ് ഒരു സംയുക്ത നിർമാണസംരംഭം എന്നതിലേക്ക് എത്തിയത്. രണ്ടു രാജ്യങ്ങൾ കൂടി ചെയ്യുമ്പോൾ ഇരുരാജ്യങ്ങളും ഭാഗമാകുന്ന സിനിമയായിരിക്കണം. അതിനാൽ ഇരുരാജ്യങ്ങൾക്കും പൊതുവായ സംഭവം ആസ്പദമാക്കി വേണം സിനിമ.
രണ്ടാംലോക യുദ്ധം
ഇന്ത്യൻ പട്ടാളക്കാർ രണ്ടാംലോക യുദ്ധകാലത്ത് ജപ്പാനെതിരെ പോരാടാൻ പപ്പുവ ന്യൂ ഗിനിയയിൽ എത്തിയിരുന്നു. ഈ ചരിത്രസംഭവത്തെ ഫിക്‌ഷനും ചേർത്താണ് സിനിമയാക്കിയത്. രണ്ടാംലോക യുദ്ധത്തിൽ പങ്കെടുത്ത അറിയപ്പെടാത്ത ഒരുപാട് ആളുകളുണ്ട്. യുദ്ധത്തിൽ മരിച്ച ഇന്ത്യക്കാരെയെല്ലാം അവിടെത്തന്നെയാണ് സംസ്കരിച്ചത്. അവർക്ക് അവിടെയൊരു ശവകുടീരമുണ്ട്. ഇന്നത് കോമൺവെൽത്ത് യുദ്ധസ്മാരകമാണ്. യുദ്ധത്തിൽ ഏറ്റവും കൂടുതൽ പങ്കെടുത്തവർ തദ്ദേശീയരാണ്. പക്ഷേ, ചരിത്രത്തിൽ ഒരിടത്തും അവരില്ല. പലപ്പോഴും ചരിത്രത്തിൽനിന്ന് അവരെ അദൃശ്യവൽക്കരിക്കുകയോ അവഗണിക്കുകയോ ആണ് ചെയ്യുന്നത്. അങ്ങനെയുള്ളവരെ അടയാളപ്പെടുത്തുകകൂടിയാണ് സിനിമ.
കഥാപാത്രത്തിനുള്ള അന്വേഷണം
നായക കഥാപാത്രത്തിനുവേണ്ടി ഒരുപാട് ഓഡിഷനുകൾ നടത്തി. പപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി നാഫ കുറച്ചുപേരുടെ വീഡിയോ അയച്ചുതന്നു. എന്നാൽ, ആഗ്രഹിച്ചപോലെ ഒരാളെ കിട്ടിയില്ല. ഒരുമാസത്തോളം നിരന്തരം നടത്തിയ ഓഡിഷനുശേഷമാണ് ആദിവാസി നേതാവായ സിനെ ബൊബോറൊയെ കണ്ടെത്തിയത്. ഇതുവരെ സിനിമ കാണാത്ത ആളാണ്. കഥയിൽ 85 വയസ്സുള്ളയാളാണ് നായകൻ. രണ്ടാംലോക യുദ്ധത്തെക്കുറിച്ച് അറിയുന്നയാൾ. 10–--12 വയസ്സുള്ള കാലത്താണ് ലോക യുദ്ധം. യുദ്ധം നടക്കുന്നതിനിടെ അമ്മ ഇയാളെയുംകൊണ്ട് ഓടിപ്പോയി ഗുഹയിൽ ഒളിച്ചിരുന്നതൊക്കെ വേദനിപ്പിക്കുന്ന ഓർമകളാണ്.
പുതിയ അഭിനേതാക്കൾ
ഇതിനുമുമ്പും ഒരിക്കലും അഭിനയിക്കാത്ത ആളുകളെ സിനിമയുടെ ഭാഗമാക്കിയിട്ടുണ്ട്. സൗണ്ട് ഓഫ് സൈലൻസിൽ ബുദ്ധിസ്റ്റുകളായി അഭിനയിച്ച ലാമമാർ, പെയിന്റിങ് ലൈഫിൽ സിഖുകാർ ഇവരൊന്നും സിനിമയുടെ ഭാഗമായിട്ടുള്ളവരല്ല. പലപ്പോഴും സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ ആ പ്രദേശത്തുള്ളവരെയും അഭിനയിപ്പിക്കാറുണ്ട്. അഭിനയിക്കാൻ അറിയുന്നവർ എന്നതിനപ്പുറം കാമറയെ നേരിടാൻ ഭയമില്ലാത്തവരെയാണ് ആവശ്യം. ഓരോ ഷോട്ടിലും അവരുടെ പ്രതികരണം ചിത്രീകരിക്കുക എന്നതാണ് എന്റെ രീതി. അതിന് അവരെ ആ ഷോട്ടിനായി തയ്യാറെടുപ്പിച്ചാൽമാത്രം മതി. അഭിനയിക്കുക എന്നതിനപ്പുറം പെരുമാറിയാൽ മതി.
സിനെ ബോബോറോ, ഡോ .ബിജു, ജോൺ സിക്കെ
സിനിമയിലെ 20 വർഷം
സിനിമയിൽനിന്നുണ്ടായ നേട്ടം ആദ്യസിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ എന്താണോ ആഗ്രഹിച്ചത് 20 വർഷത്തിനിടയിൽ ഒരിക്കൽപ്പോലും അതിൽനിന്ന് ഒരിഞ്ച് പുറകോട്ട് പോയിട്ടില്ല എന്നതാണ്. സിനിമയുടെ രാഷ്ട്രീയം പറയുകയാണ് ചെയ്തത്. അരികുവൽക്കരിക്കപ്പെട്ടവർ, പരിസ്ഥിതി തുടങ്ങി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളാണ് സിനിമയാക്കിയത്. നമ്മുടെ നിലനിൽപ്പിനും സാമ്പത്തികനേട്ടത്തിനുമായി വിട്ടുവീഴ്ച ചെയ്തിട്ടില്ല. തിരിഞ്ഞുനോക്കുമ്പോൾ ആ സിനിമ ചെയ്യേണ്ടതായിരുന്നില്ല, ആ സിനിമയിൽ അങ്ങനെയൊരു വിട്ടുവീഴ്ച വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല.
സിനിമാ ഭൂമിക
സിനിമയുടെ സൗന്ദര്യാത്മകത പാടേ വേണ്ടെന്ന് കരുതുന്നില്ല. അതേസമയം, അതാണ് സിനിമ എന്നുമില്ല. സിനിമയുടെ ആശയത്തിനനുസരിച്ച് സൗന്ദര്യാത്മകത വേണം. സിനിമ സാങ്കേതികമായി മികച്ചതായിരിക്കണം. ആർട്ട് ഹൗസ് സിനിമയാണ് എന്നതിനാൽ സാങ്കേതികതയിൽ വിട്ടുവീഴ്ച പാടില്ല. ഈ ശ്രേണിയിലുള്ള മറ്റുള്ളവരുടെ സിനിമകളേക്കാൾ കൂടുതൽ ബജറ്റിലാണ് ഞാൻ സിനിമ ചെയ്യുന്നത്. അത് സാങ്കേതികമായി മികച്ചുനിൽക്കണം എന്നതിനാലാണ്. സിനിമ ചെയ്യുന്ന ഭൂമിക പ്രധാനമാണ്. ആ പ്രദേശത്തെ ഭൂമിയുടെ ദൃശ്യഭംഗികൂടി ഉൾപ്പെടുത്തും. ‘വലിയ ചിറകുള്ള പക്ഷി’ എനിക്കുതന്നെ രണ്ടാമത് കാണാൻ തോന്നാത്ത വളരെ പരുഷമായ സിനിമയാണ്. പക്ഷേ, ആ സിനിമയിൽ അവർ ജീവിക്കുന്ന ഭൂമിയും പരിസരവുംകൂടി ഭാഗമാക്കിയിട്ടുണ്ട്. സിനിമ നടക്കുന്ന പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള പരിസ്ഥിതി, മനുഷ്യൻ, അവരുടെ രാഷ്ട്രീയം എല്ലാംകൂടി ചേരുന്നതാണ് സിനിമ.
താരങ്ങൾ, അഭിനേതാക്കൾ
സൗണ്ട് ഓഫ് സൈലൻസ്, പപ്പ ബുക്ക എന്നീ സിനിമകളൊഴികെ ബാക്കിയുള്ളതിലെല്ലാം പ്രധാനപ്പെട്ട നടന്മാർ ഭാഗമായിട്ടുണ്ട്. ആദ്യസിനിമയിൽ നെടുമുടി വേണുവും നവ്യാനായരുമായിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെല്ലാം ഭാഗമായി. ഇവരെല്ലാം ആദ്യമായി ആർട്ട് ഹൗസ് സിനിമയുടെ ഭാഗമാകുന്നത് എന്റെ സിനിമയിലൂടെയാണ്. അവരുടെ സ്റ്റാർഡം മാറ്റിവച്ച് വേറെ ഒരുതരം സിനിമയാണ് ചെയ്യുന്നതെന്ന ബോധ്യത്തോടെയാണ് വരുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ആവശ്യമുള്ള രീതിയിലേക്ക് അവരെ മാറ്റിയെടുക്കാനായി. സംവിധായകൻ എന്ന നിലയിൽ എന്നോടുള്ള വിശ്വാസംകൊണ്ടുകൂടിയാണ് സിനിമ ചെയ്യാൻ തയ്യാറായത്.
ഇന്ദ്രന്‍സിനൊപ്പം ഡോ. ബിജു
ഇന്ദ്രൻസ്, സുരാജ്
തമാശ ചെയ്യാൻ പറ്റുന്നവർക്ക് എല്ലാം നന്നായി ചെയ്യാൻ പറ്റും. രണ്ടുതരത്തിലുള്ള തമാശയുണ്ട്. ഒന്ന് വളരെയധികം ദ്വയാർഥപ്രയോഗങ്ങൾ നിറഞ്ഞത്. മറ്റൊന്ന് ചാർളി ചാപ്ലിൻ ഒക്കെ ചെയ്ത രീതിയിലുള്ള റിയലിസ്റ്റിക്കായത്. ആദ്യരീതി വളരെ വൾഗറാണ്. രണ്ടാമത്തെ രീതിയിൽ ചെയ്യുന്നവരാണ് ഇന്ദ്രൻസ്, സുരാജ് തുടങ്ങിയവർ. അതിൽ കൃത്രിമത്വം ഇല്ല. ‘പേരറിയാത്തവറി’ൽ സുരാജിനെ ശ്രദ്ധിച്ചാൽ അറിയാം. വളരെ റിയലിസ്റ്റിക്കായ കഥാപാത്രത്തിന്റെ ശരീരഭാഷയുണ്ട്. ഇന്ദ്രൻസ് 2011 മുതൽ എന്റെ സിനിമകളിൽ ഭാഗമായിട്ടുണ്ട്. ആകാശത്തിന്റെ നിറം, പേരറിയാത്തവർ തുടങ്ങിയ സിനിമകളിൽ മുഴുനീള വേഷമല്ലെങ്കിലും ഭാഗമായിട്ടുണ്ട്. പ്രധാന കഥാപാത്രമാകാൻ കഴിയുമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘വെയിൽമരങ്ങൾ’ ചെയ്‌തത്.
അവാർഡുകൾ, ചലച്ചിത്രമേളകൾ
ഒരു അവാർഡ് സിനിമ ചെയ്യണം അല്ലെങ്കിൽ ചലച്ചിത്രമേളയുടെ ഭാഗമാകണമെന്ന് പറഞ്ഞ് സിനിമ നിർമിക്കാൻ വരുന്നവരുണ്ട്. എന്നാൽ, സിനിമയ്ക്ക് അവാർഡ് കിട്ടിയാൽമാത്രമേ കിട്ടിയെന്നു പറയാൻ കഴിയൂ. സമയാസമയത്തെ ജൂറിയാണ് അവാർഡ് തീരുമാനിക്കുന്നത്. ചലച്ചിത്രമേളകളിൽ വലിയ മത്സരമാണ് നടക്കുന്നത്. ഇത്തരം ചിന്താഗതിയുമായി വരുന്നവരെ ഒഴിവാക്കുകയാണ് ചെയ്യാറ്. എന്റെ സിനിമയുടെ നിർമാതാക്കളായ അധികവും എനിക്കൊപ്പം ഒന്നിൽ കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളവരാണ്. എന്നോട് വിശ്വാസവും താൽപ്പര്യവും ഉള്ളടക്കത്തിൽ ബോധ്യവുമുള്ളവർക്കൊപ്പമാണ് സിനിമ ചെയ്യുക. അങ്ങനെയുള്ളവർക്കൊപ്പം സിനിമ ചെയ്യുക എന്നതുതന്നെ വലിയ സന്തോഷമാണ്. അല്ലാതെ അവാർഡ് മോഹികൾക്കൊപ്പം സിനിമ ചെയ്യാറില്ല.
ബോധ്യം വേണം
ഒരു സിനിമ ചലച്ചിത്രോത്സവങ്ങൾക്ക് അയക്കണമെന്ന് വിചാരിച്ച് ചെയ്താൽ അത് സാധ്യമാകണമെന്നില്ല. സിനിമയുടെ ഉള്ളടക്കവും സാങ്കേതികമികവും പ്രധാനമാണ്. ചലച്ചിത്രമേളയിലേക്ക് സിനിമ അയക്കുമ്പോൾ ലോകത്തെ ചലച്ചിത്രപ്രവർത്തകരോടാണ് നമ്മൾ മത്സരിക്കുന്നത്. നമ്മുടെ പല സിനിമക്കാർക്കും ഈ ബോധ്യമില്ലാതെ പോകുന്നുണ്ട്. അതേസമയം, ചലച്ചിത്രമേളകളിലേക്ക് സിനിമയെത്തുമ്പോൾ അവയ്ക്ക് ഫിലിം മാർക്കറ്റ് അടക്കം കൂടുതൽ സ്വീകാര്യത കിട്ടുകയും ചെയ്യും.
സൗഹൃദം
ലോകത്തെ പല സിനിമാപ്രവർത്തകരുമായി സൗഹൃദം ഉണ്ടാകുന്നത് ചലച്ചിത്രമേളകളിലൂടെയാണ്. പല സംവിധായകരെയും കാണുമ്പോൾ പരിചയപ്പെടുകയും നിരന്തരം ചലച്ചിത്രമേളകളിലൂടെ കാണുമ്പോൾ സൗഹൃദവുമാകും. കിം കി ഡുക്കിനെയും അലെജാന്ദ്രോ ഗോൺസാലെസ് ഇനാരിറ്റുവിനെയും ചലച്ചിത്രമേളകളിൽ കണ്ടാണ് സൗഹൃദം ഉണ്ടായത്. ഈ കണ്ടുമുട്ടലുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ആശയവിനിമയം നടത്തും. അതിലൂടെ ഒരു സാംസ്കാരിക കൂട്ടായ്മകൂടി രൂപപ്പെടുന്നുണ്ട്.
പപ്പുവ ന്യൂ ഗിനിയയില്‍ നടന്ന പാപ്പ ബുക്കയുടെ പ്രീമിയറിനുശേഷം പ്രധാനമന്ത്രി ജയിംസ് മാരാപെയില്‍ നിന്ന് സംവിധായകന്‍ ഡോ. ബിജു ഉപഹാരം സ്വീകരിക്കുന്നു.
രാഷ്ട്രീയസിനിമ
ഇന്ത്യയിൽ രാഷ്ട്രീയസിനിമ എന്നാൽ പ്രൊപ്പഗാൻഡ സിനിമകളായി മാറി. കേരളത്തിൽ സാഹചര്യം വ്യത്യസ്തമാണെങ്കിലും രാഷ്ട്രീയസിനിമകൾ ഉണ്ടാകുന്നില്ല. അരികുവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി അവരുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന സിനിമകൾ വരുന്നില്ല. തമിഴിലും മറാത്തിയിലുമുള്ളപോലെ രാഷ്ട്രീയസിനിമകൾ ഉണ്ടാകുന്നില്ല. ഉണ്ടാകുന്നവയ്‌ക്ക് പ്രേക്ഷകരുമില്ല. രാഷ്ട്രീയസിനിമകളുടെ ഇടം ലോകത്തെ ചലച്ചിത്രമേളകളാണ് എന്നാണ് കരുതുന്നത്. അതിനാൽ അങ്ങനെയുള്ള സിനിമകൾ ഒരുക്കാനായാണ് ചിന്തിക്കുന്നത്.
പഠനവിധേയമാക്കണം
കേരളത്തിലെ ആർട്ട് ഹൗസ് സിനിമകൾക്ക് എന്ത് സംഭവിച്ചു എന്ന് പഠനവിധേയമാക്കേണ്ടതാണ്. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ടി വി ചന്ദ്രൻ, കെ പി കുമാരൻ എന്നിവരുടെ കാലത്തുള്ളതുപോലെ സിനിമകൾ ഉണ്ടാകുന്നില്ല. അടൂരിന്റെ കാലത്തിനുശേഷം ജോൺ എബ്രഹാം വന്നു. അടുത്ത തലമുറയായി ശ്യാമപ്രസാദ്, പ്രിയനന്ദനൻ തുടങ്ങി ഞാനൊക്കെ സിനിമകൾ ചെയ്തു. എന്നാൽ, പുതിയ ചെറുപ്പക്കാർ വന്ന് ഒന്നോ രണ്ടോ സിനിമകൾ ചെയ്‌തശേഷം തുടർച്ച ഉണ്ടാകുന്നില്ല.
അടൂർസിനിമകളൊക്കെ തിയറ്ററിൽ ഉച്ചപ്പടം എന്ന പേരിലെങ്കിലും റിലീസ് ചെയ്‌തിരുന്നു. എന്നാൽ, ഇന്ന് അതുപോലുമില്ല. ഒരു സിനിമയ്ക്ക് അവാർഡ് കിട്ടുന്നത് ക്രിമിനൽ കുറ്റം എന്ന രീതിയിലേക്കാണ് സമീപിക്കുന്നത്. അപകടകരമായ ഈ അവസ്ഥയെ ചെറുക്കണം. ഇതിന് ബദൽസംസ്കാരം സൃഷ്ടിക്കണം. ആർട്ട് ഹൗസ് സിനിമകളെ പരിപോഷിപ്പിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണ്. ഇത്തരം സിനിമകൾ പ്രദർശിപ്പിക്കാൻ ഇടവും സൃഷ്ടിക്കണം.
ഷോ ഓഫായി
ഐഎഫ്എഫ്കെ അടക്കമുള്ള ചലച്ചിത്രമേളകൾക്ക് ആളുകൾ വരുന്നത് വേറെ മനസ്സുമായാണ്. സിനിമ കാണുക എന്നതിനപ്പുറം അതൊരു ഷോ ഓഫ് കൂടിയാണ്. ബുദ്ധിജീവിയാണെന്ന് തോന്നിപ്പിക്കാനുള്ള ഇടമായി ചലച്ചിത്രമേളകൾ മാറുകയാണ്. ഫിലിം സൊസൈറ്റികൾ അവരുടെ ഫെസ്റ്റിവലുകളിൽ സിനിമകൾ കാണിക്കും. എന്നാൽ, തിയറ്ററിൽ റിലീസ് ചെയ്താൽ തിരിഞ്ഞുനോക്കാറില്ല. കേരളത്തിൽ 150 ഫിലിം സൊസൈറ്റികളുണ്ട്. അവരുടെ പ്രവർത്തകർ വന്നാൽത്തന്നെ തിയറ്ററിൽ ആവശ്യത്തിന് ആളുകളുണ്ടാകും. എന്നാൽ, അത് സംഭവിക്കുന്നില്ല.










0 comments