ബോളിവുഡ് അതിവേഗം മാറി, ഒപ്പം മാറാൻ കഴിഞ്ഞില്ല, ഇൻഡസ്ട്രിയിൽ ഒറ്റപ്പെട്ടതായി അനുരാഗ് കശ്യപ്

ബംഗളൂരു: ബോളിവുഡിന്റെ വേഗത്തിലുള്ള മാറ്റങ്ങൾക്ക് അനുസരിച്ച് മാറാൻ കഴിയാത്തതിനാൽ ഇൻഡസ്ട്രിയിൽ നിന്ന് ഒറ്റപ്പെടുത്തിയതായി സംവിധായകനും നിർമാതാവും നടനുമായ അനുരാഗ് കശ്യപ്. അടുത്തിടെ ദേശിയ മാധ്യമമായ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇപ്പോൾ ബംഗളൂരുവിലാണ് താരം താമസിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമാ നിർമാണത്തിൽ സമീപകാലത്ത് അദ്ദേഹം സജീവമായിരുന്നു. ബോളിവുഡിന്റെ ആരവങ്ങളിൽ നിന്ന് മാറി ഒടുവിൽ സമാധാനം കണ്ടെത്തിയെന്നാണ് അനുരാഗിന്റെ അഭിപ്രായം.
'അഭിമുഖങ്ങൾ നൽകുമ്പോൾ മുഖംമൂടിയോടുകൂടി ഞാൻ സംസാരിക്കാറില്ല. എനിക്ക് നേരെ വരുന്ന എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകും. എന്നാൽ അവരുടെ ആഗ്രഹത്തിനനുസരിച്ച് എന്റെ വാക്കുകൾ വളച്ചൊടിച്ച് ഫോർമാറ്റ് ചെയ്തു. അത് എന്റെ അഭിപ്രായമായി കാണിച്ചു. ബോളിവുഡ് മാറുന്ന വേഗതയിൽ എനിക്ക് അതിനെ നേരിടാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ആ സിനിമാ മേഖല പതുക്കെ എന്നെ ഒഴിവാക്കുന്നിടത്തോളം ഒറ്റപ്പെടുത്തി. ഞാൻ അപകടകാരിയാണെന്ന് അവർ കരുതി'- അനുരാഗ് പറഞ്ഞു.
എന്നാൽ ദക്ഷിണേന്ത്യയിൽ വീണ്ടും സിനിമയുടെ താളം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഞാൻ എവിടെയും പോയിട്ടില്ല. ഇത്രയും കാലം ഇവിടെ തന്നെയുണ്ടായിരുന്നു. പക്ഷെ മുമ്പത്തേക്കാളും തിരക്കിലായിരുന്നു. നിശബ്ദമായി പ്രവർത്തിക്കുക എന്ന പാഠം ഞാൻ പഠിച്ചു. അത് മുമ്പ് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ബോളിവുഡിൽ 32 വർഷമായി പ്രവർത്തിക്കുന്നു. എനിക്ക് വിഷമമില്ല, പക്ഷെ നിരാശയുണ്ട്. ബോളിവുഡിൽ ആരും സിനിമയെക്കുറിച്ച് സംസാരിക്കുന്നില്ല. എല്ലാവരും 100 കോടി ക്ലബ്ബുകൾക്ക് പിന്നാലെയാണ്. ഗജനി എന്ന ചിത്രത്തിന് ശേഷമാണ് ഈ മാറ്റം തുടങ്ങുന്നത്. അവിടെ പണത്തിന്റെ ബിസിനസ് കെണിയിൽ എല്ലാവരും കുടുങ്ങിയിരിക്കുകയാണ്.
അഭിനയം കഠിനാധ്വാനം വേണ്ട ഒന്നാണ്. സിനിമ നിർമ്മിക്കലും എഴുത്തും എന്റെ അഭിനിവേശങ്ങളാണ്. എനിക്ക് അഭിനയിക്കാനുള്ള കഴിവില്ല. പക്ഷേ സിനിമയുടെ ബജറ്റ് കുറവാണെങ്കിൽ അതിന്റെ ക്രമീകരണത്തിനായാണ് ഞാൻ അത് ഏറ്റെടുക്കുന്നത്. ഒരു സിനിമ നിർമ്മിക്കാൻ എനിക്ക് ഏകദേശം രണ്ട് വർഷമെടുക്കും. എന്നാൽ അഭിനയത്തിലൂടെ 20 ദിവസത്തിനുള്ളിൽ എനിക്ക് അതേ തുക സമ്പാദിക്കാൻ കഴിയും. സിനിമയിൽ അഭിനയിച്ചതോടെ കൂടുതൽ ഓഫറുകൾ ലഭിക്കാൻ തുടങ്ങി. അവ ചെയ്യാൻ പരിശ്രമിച്ചുവെന്നും അനുരാഗ് കശ്യപ് പറയുന്നു.
നിഷാഞ്ചി എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധാനത്തിലൂടെ അനുരാഗ് കശ്യപ് വീണ്ടും തിരക്കിലാകുന്നു. പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇമൈക്കാ നൊടികൾ എന്ന തമിഴ് ചിത്രത്തിന് ശേഷമാണ് അനുരാഗ് ദക്ഷിണേന്ത്യൻ സിനിമ മേഖലയിൽ സജീവമാകുന്നത്. ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഫൂട്ടേജ് എന്ന മഞ്ജു വാര്യർ ചിത്രം അവതരിപ്പിച്ചതും അനുരാഗ് കശ്യപ് ആയിരുന്നു.









0 comments