അവര്‍ക്കുള്ള ട്രിബ്യൂട്ട്

വി എസ് സനോജ്
കെ എ നിഥിന്‍നാഥ്
Published on Mar 16, 2025, 08:46 AM | 2 min read
പല കാലഘട്ടത്തിൽ, സമൂഹത്തിൽ എങ്ങനെയാണ് ജാതി പ്രവർത്തിക്കുന്നത് എന്നതിന്റെ കലാവിഷ്‌കാരമാണ് വി എസ് സനോജിന്റെ അരിക്. കേരളത്തിലുണ്ടായ സാമൂഹ്യ–- നവോത്ഥാന മുന്നേറ്റങ്ങൾക്ക് ചാലകശക്തിയായ പുരോഗമന പ്രസ്ഥാനങ്ങൾ വഹിച്ച പങ്കിനെക്കൂടി ഓർമപ്പെടുത്തിയാണ് അരിക് ഒരുക്കിയിട്ടുള്ളത്. തെളിഞ്ഞും മറിഞ്ഞും നമുക്കിടയിൽ പ്രവർത്തിക്കുന്ന ജാതി ജീവിതങ്ങൾക്ക് നേരെയുള്ള കലാപ്രതിഷേധംകൂടിയായി അരികിനെ കാണാൻ കഴിയും. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണ് (കെഎസ്‌എഫ്‌ഡിസി) സിനിമ നിർമിച്ചത്. അരിക് സാധ്യമാക്കിയ യാത്രയെക്കുറിച്ച് സംവിധായകൻ വി എസ് സനോജ് സംസാരിക്കുന്നു
വെല്ലുവിളി
ചുരുക്കെഴുത്ത് അയച്ചശേഷം 20 ദിവസത്തിനുള്ളിൽ തിരക്കഥ പൂർത്തിയാക്കണമായിരുന്നു. 16 ദിവസംകൊണ്ടാണ് അത് ചെയ്‌തത്. എൺപതോളം സ്ക്രിപ്റ്റുകളിൽനിന്നാണ് തെരഞ്ഞെടുക്കപ്പെടുന്നത്. പല ഘട്ടത്തിൽ വർക്ക്‌ഷോപ്പും അഭിമുഖങ്ങളുമൊക്കെ ഉണ്ടായിരുന്നു. ജോൺ പോൾ സാർ ആയിരുന്നു ജൂറി ചെയർമാൻ. ചെറിയ ബജറ്റിൽ തിരക്കഥ എങ്ങനെ സിനിമയാക്കുമെന്നാണ് ജൂറി ചോദിച്ചത്. ഒരു കോടി രൂപയാണ് സിനിമയ്‌ക്കായി ലഭിക്കുന്നത്. അതിനകത്ത് എല്ലാം ചെയ്യുക, വെല്ലുവിളിയായിരുന്നു. കേരളത്തിന്റെ പരിണാമംകൂടി പറയുന്നതാണ്. നവോത്ഥാന പ്രസ്ഥാനം, പാർടികൾ എല്ലാം കടന്നുവരുന്നുണ്ട്. സിനിമ കാണുന്നവരിൽ ജാതി പീഡനങ്ങൾ അനുഭവിച്ചവരും പുതിയവരും ഉണ്ടാകും. അതിനാലാണ് നാടകീയമായ പരിചരണം. ബജറ്റ് കുറവാണ്, അധികം ലൊക്കേഷൻ പറ്റില്ല, ഇങ്ങനെ കുറേ പ്രായോഗിക നൂലാമാലകളും ഉണ്ട്. അവിടെ നിന്നാണ് സിനിമ ഒരുക്കിയത്. സാങ്കേതിക പ്രവർത്തകരുടെ വലിയ പരിശ്രമംകൂടിയാണ് ഇത് സാധ്യമാക്കിയത്. ആ പരിശ്രമങ്ങൾക്കുള്ള ഫലമാണ് ഇപ്പോൾ ലഭിക്കുന്നത്.
ജാതി അടിത്തട്ടിൽ
തമിഴിൽ മാരി സെൽവരാജ്, പാ രഞ്ജിത്, വെട്രിമാരൻ, മണികണ്ഠൻ തുടങ്ങിയവർ വലിയ അഭിനേതാക്കളെയും നിർമാതാക്കളെയും വച്ച് സിനിമ ചെയ്യുന്നുണ്ട്. ദുരഭിമാന കൊല തുടങ്ങി തമിഴ്‌നാട്ടിൽ വളരെ അഗ്രസീവ് സ്വഭാവത്തിലാണ് ജാതി. എന്നാൽ, കേരളത്തിൽ അടിത്തട്ടിലാണ് ജാതി. ഭീകരമായിട്ട് പ്രകടിപ്പിക്കുന്നില്ല. കപട മതേതരത്വവും സാംസ്‌കാരികമായിട്ടുമൊക്കെയാണ് അത് പ്രവർത്തിക്കുന്നത്. വിവാഹം, ശവസംസ്‌കാരം തുടങ്ങിയവയിൽ പ്രകടമാണ്. തറവാട്ട് മഹിമ, വൈവാഹികം എന്നിവയിലൊക്കെ അത് കാണാം.
അത് ജാഗ്രതയോടെ കാണണം. സാംസ്‌കാരികമായാണ് ജാതി പ്രവർത്തിക്കുന്നത്. ഉത്തരേന്ത്യയിൽ ജാതി നേരിട്ട് ചോദിക്കും. ഇവിടെ കുറച്ചുകൂടി മിനുസപ്പെടുത്തിയാണ്. മുഴുവൻ പേര്, അച്ഛന്റെ പേര്, തറവാട് ഇങ്ങനെയാണ് ചോദിക്കുക.
അവരുടെ സിനിമ
സിനിമ സംസാരിക്കുന്ന വിഷയം എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ പറയണം. ജാതി പ്രശ്‌നങ്ങൾ അനുഭവിച്ചവർക്ക് സിനിമ ബന്ധപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് എഴുതിയത്. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയവർക്കുള്ള ട്രിബ്യൂട്ടാണ് സിനിമ
കമ്യൂണിസ്‌റ്റുകൾ
എല്ലാവർക്കും മനസ്സിലാക്കുന്ന രീതി എന്ന നിലയിലാണ് കമ്യൂണിസ്റ്റ് പാർടിയെ സിനിമയിൽ കാണിച്ചിട്ടുള്ളത്. കീഴാളരുടെ ചരിത്രം പറയുമ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങളെയും കമ്യൂണിസ്റ്റ് പാർടികളെയും മാറ്റിനിർത്താനാകില്ല. ഞാൻ കണ്ടും കേട്ടുമാണ് സിനിമ ഒരുക്കിയത്. അനുഭവങ്ങളിൽനിന്നുകൂടിയാണ് സിനിമ. ദലിതരുടെ വീക്ഷണത്തിൽ പറയാനാണ് ശ്രമിച്ചത്. ചില വിമർശങ്ങളും പറയുന്നുണ്ട്. സ്വയം വിമർശം എന്ന നിലയിൽ അതിനെ ആളുകൾ കാണുന്നു. ഇ എം എസിന്റെ മരണം, ബാബ്‌റി മസ്‌ജിദ് തകർക്കൽ, വാജ്‌പേയി സർക്കാർ അധികാരത്തിൽ വന്നത് തുടങ്ങിയ ചരിത്രപരമായ സംഭവങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.
മാതൃകാ പദ്ധതി
ചലച്ചിത്ര പ്രവർത്തകരെ പിന്തുണയ്‌ക്കുന്നെന്ന നിലയിൽ മാതൃകയാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി. ഇന്ത്യയിൽത്തന്നെ ഇങ്ങനെ വേറെ ഒരിടത്തുമില്ല. എന്നാൽ, ഉദ്യോഗസ്ഥ സമീപനത്തലും ഔദ്യോഗിക നൂലാമാലകളിലും ആ രീതിയിൽ മാറ്റവും ആവശ്യമാണ്. കേരളത്തിലാണ് സർക്കാർ ഒടിടി പ്ലാന്റ് ഫോം തുടങ്ങിയത്. കെഎസ്‌എഫ്‌ഡിസി ഒരുക്കുന്ന സിനിമകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പുതിയ രീതിയിലുള്ള പ്രചാരണങ്ങളുംകൂടി നൽകാൻ കഴിയണം.









0 comments