ബിഎൽഒയുടെ ആത്മഹത്യ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

തിരുവനന്തപുരം: കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ കലക്ടറോട് റിപ്പോർട്ട് തേടി. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുകുടുക്ക 18ാം ബൂത്ത് ബിഎൽഒ ആയ അനീഷ് ജോർജാണ് മരിച്ചത്. എസ്ഐആർ ജോലിസമ്മർദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മർദത്തെക്കുറിച്ച് നേരത്തെ ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
ബിഎൽഒ അനീഷ് ജോർജിനെ ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ വൈശാഖ് അനീഷിനെതിരെ ഫോറം വിതരണത്തിന് ഒപ്പം കൂട്ടുന്നില്ലെന്ന് ആരോപിച്ച് കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതും അനീക്ഷിനെ വല്ലാതെ സമ്മർദ്ദത്തിലാഴ്ത്തി. കുന്നരു എയു പി സ്കൂളിലെ ഓഫീസ് അറ്റൻഡ് ആയിരുന്ന അനീഷിന് ഫോറം വിതരണവും പൂരിപ്പിക്കലും തിരികെ ശേഖരിക്കലുമുൾപടെയുളള ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞിരുന്നതായി അനീഷിൻ്റെ കുടുംബ അംഗങ്ങൾ വെളിപ്പെടുത്തി. ജോലി സമ്മർദം കാരണം മൂന്ന് തവണ ജോലിയിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ശനിയാഴ്ച രാത്രി ഒന്നരവരെ അനീഷ് ഫോറം പൂരിപ്പിക്കലുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നതായി അച്ഛൻ പറഞ്ഞു.
ബൂത്തിലെ 417 വീടുകളിൽ 1149 ഫോമുകളാണ് അനീഷിന് വിതരണം ചെയ്യേണ്ടിയിരുന്നത്. ഇതിൽ 70 ശതമാനവും പൂർത്തിയായിരുന്നു. ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ വള്ളത്തോൾ സ്മാരക വായനശാലയിൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുക്കാനിരിക്കെയാണ് അനീഷ് ജീവനൊടുക്കിയത്. രാവിലെ വീട്ടുകാർക്കൊപ്പം പള്ളിയിൽ പോയ അനീഷ് ജോലിയുണ്ടെന്ന് പറഞ്ഞ് പെട്ടന്ന് തിരികെ വരികയായിരുന്നു. വീട്ടിൽ തിരിചെത്തിയ കുടുംബാംഗങളാണ് മരിച്ച നിലയിൽ കണ്ടത്.
സംസ്കാരം തിങ്കൾ പകൽ മൂന്നിന് പള്ളിമുക്ക് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. അച്ഛൻ: തറയിൽ ജോർജ് (റിട്ട. അധ്യാപകൻ കൂളിയാട് ജിഎച്ച്എസ്) അമ്മ: മേരിക്കുട്ടി (റിട്ട. അധ്യാപിക, ജിഎച്ച്എസ്എസ് ചീമേനി). ഭാര്യ: ഫാമില (ചിറ്റാരിക്കൽ). മക്കൾ: ലിബിയ, ജുവാൻ (ഇരുവരും വിദ്യാർഥികൾ മദർ സ്കൂൾ). സഹോദരങ്ങൾ: ലതീഷ് (എറണാകുളം), ആൻസി (അധ്യാപിക പെർള)









0 comments