ആദ്യം കാമറ വിൽക്കും പിന്നാലെ മോഷ്ടിക്കും: കള്ളന് ഒടുവിൽ പിടിവീണു; കടകൾ തെരഞ്ഞെടുത്തത് ഗൂഗിളിലൂടെ

തൃശൂർ: ആദ്യം കാമറ വിൽപ്പന. പിന്നാലെ മോഷ്ണം. തൃശൂർ നഗരത്തിലെ കാമറ കടയിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന കാമറകൾ മോഷ്‌ടിച്ച പ്രതി പിടിയിൽ. എറണാകുളം വല്ലാർപാടത്ത് താമസിക്കുന്ന മാനന്തവാടി സ്വദേശി ഫൈസലിനെയാണ് (35, കാമറ ഫൈസൽ) പൊലീസ് പിടികൂടിയത്.
മോഷ്ടിച്ച കാമറകൾ വിൽക്കുകയും പിന്നീട് അതേ കടയിൽ തന്നെ കയറി മോഷണം നടത്തുകയുമാണ് ഫൈസലിന്റെ രീതി. കഴിഞ്ഞ മാസം കായംകുളത്തെ കാമറ കടയിൽ മോഷണം നടത്തിയിരുന്നു. കായംകുളത്ത് നിന്ന് മോഷ്ടിച്ച കാമറ തൃശൂരിലെ കടയിൽ കൊണ്ടുവന്ന് വിറ്റു. തുടർന്ന് ഇൗ കടയും പരിസരവും നിരീക്ഷിക്കുകയും പിന്നീട് ആ കടയിൽ തന്നെ കേറി മോഷണം നടത്തുകയുമായിരുന്നു. ഗൂഗിളിൽ തെരഞ്ഞാണ് കാമറ വിൽക്കാനും മോഷ്ടിക്കാനുമുള്ള കടകൾ കണ്ടെത്തുന്നത്.
കഴിഞ്ഞ 10ന് നടത്തിയ മോഷണത്തിനാണ് ഫൈനലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ കടയിൽ നിന്ന് കാമറകളും ലെൻസുകളും ഉൾപ്പെടെ 14 ലക്ഷത്തോളം വില വരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. പുലർച്ചെ സിസിടിവി വിച്ഛേദിക്കപ്പെട്ടതായി കണ്ട കടയുടമ തൊട്ടടുത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ബന്ധപ്പെട്ട് പരിസരം നിരീക്ഷിക്കാൻ പറഞ്ഞുവെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ, രാവിലെ കട തുറക്കാൻ വന്നപ്പോൾ ഷട്ടർ പൊളിച്ച നിലയിലായിരുന്നു.
ഇൗസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള ടീം ഏറ്റെടുക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ 150 ഓളം വരുന്ന സിസിടിവികൾ പരിശോധിച്ചും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുള്ള കുറ്റവാളികളുടെ വിവരങ്ങളും ശേഖരിച്ചുമാണ് പ്രതിയിലേക്ക് എത്തിയത്. മോഷ്ടിച്ച ക്യാമറകളിൽ പകുതി പ്രതി മറ്റൊരു ബാഗിലാക്കി സമീപത്തെ വീടിന് പുറകിലെ മോട്ടോർ ഷെഡിൽ ഒളിപ്പിച്ചു. ചാക്കിൽ കെട്ടിയ നിലയിൽ കാമറകൾ തെളിവെടുപ്പിനിടയിൽ പൊലീസ് കണ്ടെടുത്തു. ബാക്കി പ്രതിയുടെ വീട്ടിൽ നിന്ന് കിട്ടിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി താമസിക്കുന്ന എറണാകുളത്തെ വിലാസത്തിൽ എത്തിയപ്പോഴേക്കും ഇയാൾ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് എറണാകുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രാമധ്യേയാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന കാമറ മോഷണം കേസുകളിൽ ഇയാൾക്ക് പങ്ക് ഉണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ സമാന കേസുകളിൽ ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്‌മുഖ് പറഞ്ഞു.
എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സി ഐ എം ജെ ജിജോ, എസ്‌ഐമാരായ ബിബിൻ ബി നായർ, ബാലസുബ്രഹ്മണ്യം, എഎസ്‌ഐ പി കെ പഴനി സ്വാമി, സിപിഒമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സുനീബ് സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ, സുഹൈൽ എന്നിവരുമുണ്ടായിരുന്നു.









0 comments