എമ്പുരാൻ വിവാദങ്ങൾ എന്നെ ബാധിച്ചില്ല, പ്രത്യേക അജണ്ടയോടെ സിനമയെ സമീപിക്കാറില്ല; പൃത്വിരാജ്

കൊച്ചി: എമ്പുരാൻ ചിത്രം സംബന്ധിച്ച വിവാദങ്ങളൊന്നും തന്നെ ബാധിച്ചിരുന്നില്ലെന്ന് നടൻ പൃത്വിരാജ്. കരിയറിൽ ഇതുവരെ ഒരു പ്രത്യേക ഉദ്ദേശത്തോട് കൂടിയോ അജണ്ടയോടെയോ സിനിമയും ചെയ്തിട്ടില്ല. തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടാലാണ് ഒരു ചിത്രം തെരഞ്ഞെടുക്കുന്നത്. ആ സിനിമ സംഭവിച്ചതിന് ശേഷം പ്രേഷകരെ രസിപ്പിച്ചില്ലെങ്കിൽ ചലച്ചിത്രകാരൻ എന്ന നിലയിൽ തന്റെ പരാജയമായിരിക്കും അതെന്നും പൃത്വിരാജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എമ്പുരാൻ സിനിമ പുറത്തിറങ്ങിയപ്പോൾ അത്രയും പ്രതിഷേധങ്ങളോ വിവാദങ്ങളോ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ആ സിനിമയെടുത്തത്. സിനിമയിൽ നിന്ന് ഞാൻ ഉദ്ദേശിച്ചതും, ഉദ്ദേശിക്കാത്തതുമായ വ്യാഖ്യാനങ്ങളുണ്ടായി. ചിലർ ഞാൻ കണ്ടിട്ടില്ലാത്ത അർഥങ്ങൾ കൊടുത്തു. പക്ഷെ ഇതൊന്നും എന്നെ ബാധിച്ചില്ല. നമ്മൾ ഒരു സിനിമ ചെയ്തു. അത് തിയറ്ററിൽ റിലീസ് ചെയ്തു. അത് കണ്ട പ്രേക്ഷകന് എന്ത് തോന്നി എന്നതാണ് ആ സിനിമ. അതിന് ശേഷം ഞാൻ ആ സിനിമകൊണ്ട് ഉദ്ദേശിച്ചത് ഇങ്ങനെയല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല'- പൃത്വിരാജ് പറഞ്ഞു.
'സിനിമയിലൂടെ ഉദ്ദേശിച്ചത് എന്താണെന്ന് മനസിലാക്കിയ പ്രേക്ഷകരുണ്ടെങ്കിൽ സന്തോഷം. അത് ആളുകൾക്ക് കിട്ടിയിട്ടില്ലെങ്കിൽ ഒരു ചലച്ചിത്രകാരൻ എന്ന നിലയിലുള്ള പരാജയമാണ്. അത് ഞാൻ സ്വീകരിക്കണം. അടുത്ത സിനിമയിലേക്ക് കുറച്ചുകൂടി നന്നായി പ്രവർത്തിക്കണം. എന്റെ കഴിവിന്റെ പരമാവധി ഒരു സിനമയ്ക്ക് വേണ്ടി ഞാൻ പ്രയത്നിക്കാറുണ്ട്. സിനിമയുടെ റിലീസിന് ആവശ്യമായ പ്രൊമോഷൻ പരിപാടികളിലും പങ്കെടുക്കാറുണ്ട്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം അതുമായി ബന്ധം വയ്ക്കാറില്ല. ഞാൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും അതുപോലെ തന്നെയാണ്.
സിനിമയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഓർമിക്കാനും ഉണ്ടാകും. എന്നാൽ ഞാൻ അവയൊന്നും കൊണ്ടുനടക്കാറില്ല. അടുത്തത് എന്ത് ചെയ്യാം എന്നതിനെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. സൈബർ അറ്റാക്കുകൾ നേരിട്ടപ്പോൾ താങ്ങിനിർത്താൻ എന്റെ കുടുംബമുണ്ടായിരുന്നു. മറ്റുള്ളവരുടെ ജീവിതത്തെ മോശമായി ബാധിക്കുന്ന എന്തെങ്കിലുമൊരു കാര്യം ചെയ്തിട്ടില്ല എന്ന് ബോധ്യമുള്ളിടത്തോളം സൈബർ അറ്റാക്കുകളൊന്നും എന്നെ ബാധിക്കില്ല. തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ലല്ലോ' - പൃത്വിരാജ് വ്യക്തമാക്കി









0 comments