മലയാളത്തിൽ പിറന്ന അങ്കമ്മാൾ


പി അഭിഷേക്
Published on Jul 06, 2025, 01:00 AM | 2 min read
തൊണ്ണൂറുകളുടെ അവസാനമാണ് പെരുമാള്‍ മുരുകന്റെ 'കൊടിതുണി' ചെറുകഥയിലൂടെ ആദ്യമായി 'അങ്കമ്മാള്‍' പിറന്നത്. തമിഴ് നാട്ടുജീവിതം വരച്ചുകാട്ടിയ അവര്‍ ഒരുകൂട്ടം മലയാളികളുടെ ചിന്തയില്‍ വീണ്ടും ജനിച്ചു. വായിച്ചറിഞ്ഞ കഥാസന്ദര്‍ഭങ്ങളെ യുവാക്കള്‍ ബിഗ്‌സ്‌ക്രീനില്‍ പുനരവതരിപ്പിച്ചപ്പോള്‍ രാജ്യത്തിനാകെ അഭിമാനം. എറണാകുളം സ്വദേശി വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനംചെയ്ത 'അങ്കമ്മാള്‍' ന്യൂയോര്‍ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയായി.
2024 ഒക്‌ടോബറിൽ മാമി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം ചിത്രം പ്രദർശിപ്പിച്ചത്. ഡിസംബറിൽ ഐഎഫ്എഫ്‌കെയിൽ 'ഇന്ത്യൻ സിനിമ ഇന്ന്' വിഭാഗത്തിലൂടെ കാഴ്ചക്കാരിലെത്തി. ഡയലോഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അജന്ത എല്ലോറ ഫിലിം ഫെസ്റ്റിവൽ, ഗുവാഹത്തി ബ്രഹ്മപുത്ര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിലും പ്രദർശിപ്പിച്ചു. ന്യുയോർക്ക് ഇന്ത്യൻ ഫെസ്റ്റിവൽ വിദേശത്തെ ആദ്യ പ്രദർശനമായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ മലയാളചിത്രം 'അവെ മറിയ' ആണ് വിപിന്‍ സ്വന്തമായി സംവിധാനംചെയ്ത ആദ്യചിത്രം.
വിപിന്‍ രാധാകൃഷ്ണന്‍
പെരുമാൾ മുരുകന്റെ ചെറുകഥ വായിച്ചതുമുതലാണ് കേന്ദ്രകഥാപാത്രമായ അമ്മയെ സിനിമയാക്കാൻ തീരുമാനിച്ചത്. തമിഴിൽ അഴക് എന്നർഥമുള്ള 'അങ്കമാൾ' എന്ന് സിനിമയിൽ അമ്മയ്ക്ക് പേരും നൽകി. ഗ്രാമീണ സ്ത്രീയായ അങ്കമ്മാളിന്റെ മരുമകളായി നഗരത്തിൽനിന്ന് ഒരു പെൺകുട്ടി എത്തുന്നതാണ് ഇതിവൃത്തം. ഇതിന്റെ ഭാഗമായി അമ്മയെ 'നഗരവൽക്കരിക്കാൻ' ശ്രമിക്കുന്ന മക്കളുടെ പ്രവൃത്തികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഭാഷയിലും വസ്ത്രത്തിലും പെരുമാറ്റത്തിലുമടക്കം നഗരജീവിതം അനുകരിക്കാൻ അങ്കമ്മാൾ നിർബന്ധിതയാകുന്നു. തിരുനെൽവേലിക്കടുത്ത് ദേവനെല്ലൂർ, പത്മവേലി തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. ഗീത കൈലാസമാണ് കേന്ദ്രകഥാപാത്രമായി അഭിനയിച്ചത്. ഭരണി, ശരൺ, മുല്ലയരസി, തെൻട്രൽ രഘുനന്ദൻ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.
നിർമാതാവിനെ കിട്ടാൻ ബുദ്ധിമുട്ടിയതോടെ ഛായാഗ്രാഹകനായ അൻജോയ് സാമുവലാണ് ദൗത്യം ഏറ്റെടുത്തത്. സുഹൃത്തായ മിമിക്രി താരവും ഗായകനുമായ ഫിറോസ് റഹീമും ഒപ്പം ചേർന്നു. സ്വർണം പണയംവച്ചും കടം വാങ്ങിയും ആദ്യഘട്ട ഷൂട്ടിങ്ങിനുള്ള പണം കണ്ടെത്തി. എൻജോയ് ഫിലിംസിന്റെയും ഫിറോ മൂവി സ്റ്റേഷന്റെയും ബാനറിലാണ് റിലീസ്ചെയ്തത്. ഷംസുദ്ദീൻ ഖാലിദ്, അനു അബ്രഹാം എന്നിവർ സഹനിർമാതാക്കളാണ്. സംഭാഷണങ്ങൾ തമിഴിലാണെങ്കിലും ഇംഗ്ലീഷിലാണ് തിരക്കഥയെഴുതിയത്. സുധാകർ ദാസ് സംഭാഷണമെഴുതി.
2023 മെയ് മാസം ആരംഭിച്ച ചിത്രീകരണം സാമ്പത്തിക കാരണങ്ങളാൽ നീണ്ടു. പ്രതിസന്ധികൾ മറികടന്ന് അഞ്ച് ഷെഡ്യൂളുകളിലാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. പിന്നണി ഗായകനായ മുഹമ്മദ് മഖ്ബൂൽ മൻസൂർ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്നതും ഈ ചിത്രത്തിലാണ്. പ്രദീപ് ശങ്കറാണ് എഡിറ്റർ. നാഷണൽ ഫിലിം അവാർഡ് ജേതാവ് കൃഷ്ണനുണ്ണിയാണ് സൗണ്ട് മിക്സിങ്. ലെനിൻ വലപ്പാട് സൗണ്ട് ഡിസൈനറും സംസ്ഥാന ഫിലിം അവാർഡ് ജേതാവ് ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനറുമായി. പിന്നണിയിൽ പ്രവർത്തിച്ചവരിൽ ഭൂരിഭാഗവും മലയാളികളാണ്. ആഗസ്തിൽ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
0 comments