കടൈക്കുട്ടി സിങ്കമായി കാർത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 11, 2018, 05:41 PM | 0 min read

ഹരിതകൃഷിയും കാർഷികപ്രതിസന്ധിയും വ്യാപക ചർച്ചാവിഷയമാകുന്ന സമൂഹത്തിലേക്ക‌് പുരോഗമന ആശയങ്ങളുള്ള കർഷകനായി കാർത്തിയെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളെ ആഘോഷമാക്കുന്ന പാണ്ഡിരാജ‌് സിനിമ ‘കടൈക്കുട്ടി സിങ്ക’ത്തിലാണ‌് കാർത്തിയുടെ കർഷകാവതാരം. അണ്ണൻ ‘സിങ്കം’ സൂര്യ നിർമിക്കുന്ന ചിത്രത്തിൽ ഗുണസിങ്കമെന്ന അനിയന്റെ നായകവേഷം പേരിനൊപ്പം വിവസായി (കർഷകൻ) എന്ന‌് അഭിമാനപൂർവം പറയുന്നു.  ചുവന്ന ബുള്ളറ്റിൽ  കണ്ണടയും തലയിൽ കെട്ടുമായി എത്തുന്ന നല്ല മാസ്സ‌് വില്ലേജ‌് ഹീറോ. 

പൊങ്കൽ റിലീസായി ആദ്യം പ്ലാൻ ചെയ്തതുകൊണ്ടുതന്നെ  ഗ്രാമീണജീവിതവും ആഘോഷങ്ങളുമായി ആദ്യപകുതി ചടുലമായാണ‌് ഒരുക്കിയിരിക്കുന്നതെന്ന‌് സംവിധായകൻ പാണ്ഡിരാജ‌് പറയുന്നു. ആദ്യസിനിമ ‘പരുത്തിവീരനു’ശേഷം മുഴുനീള വില്ലേജ‌് വേഷത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ‌് കാർത്തിയും. സയ്യേഷായാണ‌് നായിക. സത്യരാജ‌് അച്ഛനായി എത്തുന്നു. രണ്ടു ഭാര്യമാരും അഞ്ച‌് പെൺമക്കളും ചിത്രത്തിന്റെ പേര‌് സൂചിപ്പിക്കുന്നതുപോലെ ചെല്ലപ്പിള്ളയായ ഇളയമകനും ഒന്നിച്ചുകഴിയുന്ന കുടുംബം. 

ഓരോ സഹോദരിയുടെയും കല്യാണം, പ്രസവം, അനന്തരചടങ്ങുകൾ... ഒന്നൊന്നായി വരുന്ന ഉത്തരവാദിത്തങ്ങളിൽ വീർപ്പുമുട്ടുന്ന നായകന്റെ കഥയാണ‌് നർമത്തിന്റെ മേമ്പൊടിയിൽ സംവിധായകൻ പറയുന്നത‌്. പൊള്ളാച്ചി, കുറ്റാലം, തെങ്കാശി, തിരുനെൽവേലി... മുഴുനീള  ഗ്രാമീണ പശ്ചാത്തലത്തിൽ മനോഹരമായ ഫ്രെയ‌്മുകൾ. ചിത്രത്തിലുടനീളം അകമ്പടിയായി മഴയുടെ സാന്നിധ്യവും ഡി ഇമ്മന്റെ സംഗീതവും. തമിഴ‌് നാട്ടിലെ കർഷകർ നേരിടുന്ന പ്രശ‌്നങ്ങളും രാഷ്ട്രീയത്തിന്റെ വർഗീയവൽക്കരണവും തീവ്രമായ ജാതിസമ്പ്രദായങ്ങളുമെല്ലാം സിനിമ ചർച്ച ചെയ്യുന്നു.

വൻ പ്രതിഫലമുള്ള പ്രൊഫഷണലുകൾപോലും ജൈവകൃഷിയിലേക്ക‌് തിരിയുന്ന കാലഘട്ടത്തിൽ കൂടുതൽ കാർഷികാവബോധം സൃഷ്ടിക്കാൻകൂടിയാണ‌് ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്ന‌് കാർത്തി പറഞ്ഞു. 13നാണ‌് റിലീസ‌്.



deshabhimani section

Related News

View More
0 comments
Sort by

Home