മണ്ഡല –മകരവിളക്ക്‌

പമ്പയിലും നിലയ്ക്കലും സംയോജിത കൺട്രോൾ റൂം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2025, 12:05 AM | 2 min read

പത്തനംതിട്ട

മണ്ഡലകാല–മകരവിളക്ക്‌ ഉത്സവത്തിന്‌ ജില്ല പൂർണസജ്ജമെന്ന്‌ കലക്‌ടർ എസ്‌ പ്രേം കൃഷ്‌ണൻ. നാലുതവണയാണ്‌ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ശബരിമല മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തിയത്‌. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സംയോജിത കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. വിവിധ വകുപ്പുകളെ എകോപിപ്പിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

​പൊതുമരാമത്ത്‌, ആരോഗ്യം, വനം, ജല അതോറിറ്റി വകുപ്പുകൾ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്‌. ശുചിത്വം ഉറപ്പാക്കാൻ പ്രത്യേക സാനിറ്റേഷൻ സ്ക്വാഡുകൾ പ്രവർത്തിക്കും. ജില്ലയിലെ മുഴുവൻ ഭക്ഷണശാലകളിലും ആഹാരസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌. പത്തനംതിട്ട മുതൽ സന്നിധാനംവരെ അനധികൃത വഴിയോരക്കച്ചവടങ്ങൾ പൂർണമായി നിരോധിച്ചതായും കലക്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഴിയരികിൽ കന്നുകാലികളെ കെട്ടുന്നതിനും നിരോധനമുണ്ട്‌. ളാഹ മുതൽ സന്നിധാനം വരെ ഒരിടത്തും വഴിയരികിൽ ഭക്ഷണം പാകം ചെയ്യാൻ അനുമതിയില്ല. ഇക്കാര്യം വിവിധ ഭാഷകളിലുള്ള ബോർഡുകളിലൂടെ പ്രദർശിപ്പിക്കും. ഇ‍ൗ മേഖലകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക്‌ ഒരേസമയം അഞ്ച്‌ ഗ്യാസ്‌ സിലിണ്ടർ സൂക്ഷിക്കാൻ മാത്രമെ അനുമതിയുള്ളൂ. ഇക്കാര്യം ഭക്ഷ്യസുരക്ഷാ വകുപ്പ്‌ പരിശോധനയിലൂടെ ഉറപ്പാക്കും.

ളാഹ മുതല്‍ സന്നിധാനം വരെ തീര്‍ഥാടന പാതയില്‍ ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചുവയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിരോധിച്ചു. അപകടകരമായി നിൽക്കുന്ന മരങ്ങൾ ഇതിനകം വനംവകുപ്പ്‌ മുറിച്ചുനീക്കിയിട്ടുണ്ട്‌. ശുചീകരണത്തിനായി നിയോഗിച്ച 1,000 പേരുടെ വിശുദ്ധിസേന ശനിയാഴ്ച പമ്പ ശുചീകരിച്ചു.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ഏകീകൃത ശബരി വെബ്പോര്‍ട്ടലുണ്ടാകും. ശബരിമല എഡിഎം ആയി ഇത്തവണയും അരുണ്‍ എസ് നായര്‍ പ്രവര്‍ത്തിക്കും. ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്‌മി, അഡീഷണല്‍ എസ്പി പി വി ബേബി തുടങ്ങിയവരും പങ്കെടുത്തു.

​​

ആദ്യഘട്ടം 3,500 പൊലീസുകാർ

മണ്ഡലകാലത്തിന്റെ ആദ്യഘട്ടത്തിൽ 3,500 പൊലീസ്‌ ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് നിയോഗിച്ചതായി അഡീഷണൽ എസ്‌പി പി വി ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിലായി മ‍ൂന്ന്‌ താൽക്കാലിക പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. ആറ്‌ ഘട്ടമായാണ്‌ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കുക.

നിലയ്ക്കലിൽ ഏകദേശം 10,000 വാഹനങ്ങൾ പാർക്ക്‌ ചെയ്യാനാകും. 14 വരെ സീറ്റുകളുള്ള വണ്ടികൾക്ക്‌ പമ്പയിൽ പാർക്ക്‌ ചെയ്യാൻ അവസരമൊരുക്കും. കാലാവസ്ഥ, പാർക്കിങ്‌ സ്ഥലപരിമിതി എന്നിവ അടിസ്ഥാനമാക്കിയാകാമിത്‌. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ

70ഓളം പൊലീസുകാരെയും ഡ്യൂട്ടിക്ക്‌ നിയോഗിച്ചു. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 100 സിസിടിവി ക്യാമറകളും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home