തദ്ദേശം 2025

വികസനം എണ്ണിപ്പറഞ്ഞ്‌ എൽഡിഎഫ്‌ തള്ളിപ്പറയാനാകാതെ എതിരാളികൾ

Photo
avatar
സ്വന്തം ലേഖകൻ

Published on Nov 16, 2025, 12:05 AM | 2 min read

പത്തനംതിട്ട

‘അതിദാരിദ്ര്യമുക്ത നാട്‌, ലൈഫ്‌ വീട്‌, ക്ഷേമപെൻഷൻ വർധന, വീട്ടമ്മമാർക്ക്‌ പെൻഷൻ, ഡിജിറ്റൽ സേവനം, മാലിന്യമുക്ത കേരളം, എല്ലാവീടുകളിലും കുടിവെള്ളം, ആതുരാലയങ്ങളുെടെ മികവ്‌, സ്‌മാർട്ട്‌ ക്ലാസ്‌റൂമുകൾ, ഉയർന്ന നിലവാരത്തിലുള്ള റോഡുകൾ...’ സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞപ്പോൾ രാഷ്‌ട്രീയ എതിരാളികൾക്കു പോലും അതംഗീകാരിക്കാതിരിക്കാൻ നിവൃത്തിയുണ്ടായില്ല. എങ്കിലും തങ്ങൾ വിജയപ്രതീക്ഷ കൈവിടില്ലെന്ന വാശിയിൽ കോൺഗ്രസും ബിജെപിയും. ജില്ലാ പഞ്ചായത്തിലെ പ്രതിപക്ഷമായ കോൺഗ്രസിന്‌ ഭരണത്തിനെതിരെ നാളിതുവരെ ഒരു സമരം സംഘടിപ്പിക്കാനായിട്ടില്ലെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ്‌ ആരോപിച്ചു. എന്നാൽ തങ്ങൾ ജില്ലാ പഞ്ചായത്ത്‌ ഓഫീസ്‌ പടിക്കലിൽ സമരം നടത്തിയിട്ടില്ലെങ്കിലും മറ്റു പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെന്ന്‌ ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ്‌ കൊച്ചുപറന്പിലിന്റെ പ്രതിരോധം. തർക്കംവേണ്ട എൽഡിഎഫ്‌ അതിനവസരം കൊടുക്കാത്തതാണെന്ന്‌ രാജു ഏബ്രഹാം പറഞ്ഞതോടെ വേദിയിൽ ചിരി പടർന്നു. സ‍ൗഹാർദം നിറഞ്ഞ ചർച്ച ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടായി. പത്തനംതിട്ട പ്രസ്‌ക്ലബ് ഒരുക്കിയ ‘തദ്ദേശം– 2025’ നാടിന്റെ വികസനക്കാഴ്‌ചപ്പാടും മുന്നണികളുടെ പ്രതീക്ഷകളും പങ്കുവച്ചു.

ജില്ലാ പഞ്ചായത്തിലും ബ്ലോക്ക്‌ പഞ്ചായത്തിലും നഗരസഭകളിലും പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം പുലർത്തുന്ന എൽഡിഎഫ്‌ വരുന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ വാർഡുകളും തദ്ദേശ സ്ഥാപനങ്ങളും നേടി വലിയ നേട്ടമുണ്ടാക്കുമെന്ന്‌ രാജു ഏബ്രഹാം പറഞ്ഞു. എന്തുവികസനമെന്ന്‌ പറയുന്നവർ പുനലൂർ മുതൽ മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ യാത്രചെയ്‌താൽ ഇതിനു മറുപടി കിട്ടും. ലോകത്തിനു തന്നെ മാതൃകയാകുന്ന നിലയിലാണ്‌ പ്രാദേശിക ഗവൺമെന്റുകളുടെ കുതിപ്പ്‌. അഞ്ചുലക്ഷം വീടാണ്‌ കിടപ്പാടമില്ലാത്തവർക്ക്‌ നൽകിയത്‌. മൂന്നുലക്ഷം വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. ആധുനിക കേരളത്തെ സൃഷ്‌ടിക്കാൻ പടപ്പുറപ്പാടിലാണ്‌ ഹരിത കേരളം. ശുചിത്വ നാടിന്റെ പടയാളികളാണ്‌ ഹരിതകർമസേന. വിരൽത്തുന്പിൽ സർക്കാർ സേവനം ലഭിക്കുന്ന നാടായി നമ്മുടെ നാട്‌ മാറി. ജലജീവൻ പദ്ധതിയിലൂടെ എല്ലാവീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്‌. പത്തനംതിട്ട ജനറൽ ആശുപത്രി, കോന്നി മെഡിക്കൽ കോളേജ്‌, താല‍ൂക്ക്‌ ആശുപത്രികൾ തുടങ്ങി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വരെ ഇന്ന്‌ മികവിന്റെ കേന്ദ്രങ്ങളാണ്‌. എൽഡിഎഫ്‌ സർക്കാർ വന്നശേഷമാണ്‌ 400 കോടി നൽകി കോന്നി മെഡിക്കൽ കോളേജ്‌ ആശുപത്രിയെ ഇന്നത്തെ നിലയിലെത്തിച്ചത്‌. രാഷ്‌ട്രീയത്തിനതീതമായി എല്ലാവരെയും ചേർത്തുപിടിക്കുന്നതാണ്‌ നയമാണ്‌ എൽഡിഎഫിന്റേത്‌. ഇത്‌ വോട്ടിൽ പ്രതിഫലിക്കുമെന്നും രാജു ഏബ്രഹാം പറഞ്ഞു.

ജില്ലാ പഞ്ചായത്തിലെ 17 സീറ്റിൽ 15 സീറ്റും കോൺഗ്രസിന്‌ ആയതിനാൽ അധ്യക്ഷ പദവി മറ്റാർക്കും വീതംവച്ച്‌ കൊടുക്കില്ലെന്ന്‌ സതീഷ്‌ കൊച്ചുപറന്പിൽ പറഞ്ഞു. ജനങ്ങളുടെ നികുതി പണംപരിച്ച്‌ സർവേ നടത്തുന്ന സംസ്ഥാന സർക്കാർ ക്ഷേമ പെൻഷനുകൾ മാസങ്ങളോളം കുടിശ്ശിക വരുത്തിയിരിക്കുകയാണെന്ന്‌ അദ്ദേഹം ആരോപിച്ചു. ഇ‍ൗ കാണുന്ന വികസനമൊക്കെയും മോദി സർക്കാർ കൊണ്ടുവന്നതാണെന്ന്‌ വി എ സൂരജ്‌ അവകാശപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home