ചലച്ചിത്ര നിര്‍മാണത്തിന് ഇന്ത്യന്‍ സംവിധായകന് ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം

ബ്രിസ്ബെയ്ന്‍ > ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ സന്ദേശ ചലച്ചിത്ര നിര്‍മാണത്തിനുള്ള തയ്യാറെടുപ്പില്‍ വിദേശ മലയാളിയായ സംവിധായകന്‍ ജോയ് കെ മാത്യു. ഇതാദ്യമായാണ് ഇന്ത്യന്‍ സംവിധായകന് ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ചിത്രം നിര്‍മിക്കാന്‍ അവസരം ലഭിക്കുന്നത്. ചേര്‍ത്തല സ്വദേശിയാണ് ഇദ്ദേഹം.
ആസ്ട്രേലിയന്‍ സര്‍ക്കാരിനെ കൂടാതെ ആര്‍എഡിഎഫിന്റെയും ബനാനാ ഷെയര്‍ കൌണ്‍സിലിന്റേയും സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്. നടനും എഴുത്തുകാരനും കൂടിയായ ജോയ് കെ മാത്യുവിന്റെ സന്ദേശ ചലച്ചിത്ര നിര്‍മാണ കമ്പനിയായ വേള്‍ഡ് മദര്‍ വിഷന്റേയും കംഗാരു വിഷന്റേയും ബാനറിലാണ് ‘'ദ ഡിപ്പന്‍ഡന്‍സ്' എന്ന ഇംഗ്ളീഷ് ചിത്രം പുറത്തിറങ്ങുന്നത്. ലോകത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സംവിധായകന്‍ ഇന്ത്യ, ആസ്ട്രേലിയ, അമേരിക്ക, ഫിലിപ്പൈന്‍സ്, ബെല്‍ജിയം, ചൈന, മാള്‍ട്ട, വിയറ്റ്നാം, നെതര്‍ലാന്‍ഡ്, ഹംഗറി എന്നീ പത്ത് രാജ്യങ്ങളിലെ സിനിമാ മേഖലയിലെ സാങ്കേതിക വിദഗ്ധരേയും അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘'ദ ഡിപ്പെന്‍ഡന്‍സി'’നുണ്ട്.
ജോയ് കെ മാത്യു കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന 'ദ ഡിപ്പന്‍ഡന്‍സി'’ന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ക്യൂന്‍സ്ലാന്‍ഡ് ബനാന ഷെയര്‍ മേയര്‍ നെവ് ജി ഫെറിയര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. ക്യൂന്‍സ്ലാന്‍ഡിലെ വിവിധ സ്ഥലങ്ങളിലാണ് ചിത്രീകരണം.
ഏഴോളം സന്ദേശ ചിത്രങ്ങളും മൂന്ന് ഡോക്യുമെന്ററികളും തിരക്കഥയെഴുതി നിര്‍മിച്ച ജോയ് കെ മാത്യു സന്ദേശ ചലച്ചിത്ര രംഗത്ത് വേറിട്ട വഴിതുറന്ന സംവിധായകന്‍ കൂടിയാണ്. ഏഴ് സന്ദേശ ചിത്രങ്ങളില്‍ മൂന്നെണ്ണത്തിന്റെ സംവിധാനം നിര്‍വഹിച്ചത് ഇദ്ദേഹമാണ്. മദര്‍ തെരേസയോടൊപ്പം കഴിഞ്ഞ അനുഭവങ്ങള്‍ കോര്‍ത്തിണക്കി ജോയ് കെ മാത്യു രചിച്ച 'ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്സ്' എന്ന ഡ്യോക്യുമെന്ററി കഴിഞ്ഞ വര്‍ഷം ആസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിലായി റിലീസ് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ഇതിനകം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ജോയ് കെ മാത്യുവിന്റെ ഇതുവരെയുള്ള ചലച്ചിത്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേക ജൂറിയുടെ വിശദമായ വിലയിരുത്തലുകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് സാമ്പത്തിക സഹായത്തിന് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.









0 comments